‘ഗർഭിണിക്കൊപ്പം ഭർത്താവ് കിടക്കുന്നത് ലൈംഗിക ബന്ധത്തിന് വേണ്ടിയല്ല; സെക്ഷ്വൽ കണക്ഷൻ അത്യാവശ്യം; പ്രസവകാലത്ത് ആണിനും വേണം ശ്രദ്ധ’

Mail This Article
‘യെസ്, വി ആർ പ്രെഗ്നന്റ്’ പങ്കാളിയുടെ നിറവയറിൽ ചുണ്ട് ചേർത്തു ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽലോകത്തു നിന്നും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട് ‘ന്യൂ ബോൺ ഫാദേഴ്സ്’. പലരും അമ്മയുടെയും കുഞ്ഞിന്റെയും വിശേഷങ്ങൾ ചോദിക്കുമ്പോഴും അച്ഛനാകാൻ ഒരുങ്ങുന്നയാളെ മറന്നു പോകുന്നു. 9 മാസം തന്റെ പങ്കാളി ഗർഭം ചുമക്കുന്നുണ്ടെങ്കിൽ ആ 9 മാസക്കാലം പലവിധ മാനസിക സംഘർഷങ്ങളിൽക്കൂടെത്തന്നെയാണ് പുരുഷന്മാരും കടന്നു പോകുന്നത്. പുതിയൊരു സൃഷ്ടിക്കു സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുമ്പോഴും തന്റെ പങ്കാളിക്ക് വേദനിക്കുമല്ലോ എന്നോർത്തു സങ്കടപ്പെടുന്നവരും നിരവധിയുണ്ട് നമ്മുടെ സമൂഹത്തിൽ. പ്രസവശേഷം ചില സ്ത്രീകളെങ്കിലും ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നു പോകാറുണ്ട്. അപ്പോഴൊക്കെ ഭർത്താവിന്റെയും മാനസികാരോഗ്യവും തകരാറിലാകുന്നു എന്നതാണു വസ്തുത. പക്ഷേ സ്ത്രീയുടെ മാനസികാരോഗ്യത്തിനു മാത്രമാണ് കുടുംബവും ആശുപത്രി സംവിധാനങ്ങളുമൊക്കെ പലപ്പോഴും ഊന്നൽ കൊടുക്കുന്നത്. കുഞ്ഞിനെ കാത്തിരിക്കുന്ന കൗതുകകരമായ ഗർഭകാലത്തും തുടർന്നുള്ള കാലത്തും മാനസികാരോഗ്യം തകരാറിലാക്കുന്ന പലവിധ സാഹചര്യങ്ങളിലൂടെ പുരുഷന്മാര്‍ കടന്നു പോയേക്കാം. അവയെ നിസ്സാരമായി കാണാതെ അർഹിക്കുന്ന പരിഗണന കൊടുക്കാൻ കുടുംബം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും തേടാവുന്നതാണ്. പങ്കാളിയുടെ ഗർഭകാലത്ത് പുരുഷന്മാരുടെ മാനസികാവസ്ഥയെക്കുറിച്ച് വിദഗ്ധർക്ക് എന്താണ് പറയാനുള്ളത്? എന്തെല്ലാം നിർദേശങ്ങളാണ് അവർക്ക് നൽകാനുള്ളത്?