പന്തളത്തെ ആ ദിവ്യനിമിഷം; ‘ശ്രീ കോവിൽ നട തുറന്നു’, കൺനിറഞ്ഞ് മനോജും മഞ്ജുവും; ജയവിജയ സംഗീതപൈതൃകത്തിൽ മക്കളും

Mail This Article
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള്‍ നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്‌യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.