വനിതാ ഗൈനക്കോളജിസ്റ്റ് മതി എന്ന ചിന്ത മാറാൻ സമയമായില്ലേ! ഗർഭകാലത്ത് ഭർത്താവിന്റെ ആശങ്കകൾക്ക് എന്താണ് പരിഹാരം?

Mail This Article
ഗർഭിണിയായ ഭാര്യയെ അവരുടെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ച ശേഷം വീണ്ടും ‘ബാച്ചിലർ ലൈഫ്’ ആസ്വദിക്കുന്ന ഭർത്താക്കൻമാർ ഒരു കാലത്ത് പതിവുകാഴ്ചയായിരുന്നു. എന്നാൽ ഇന്ന് രീതികൾ ആകെ മാറിയിരിക്കുന്നു. തങ്ങളുടെ കുഞ്ഞു ജീവൻ ഭാര്യയുടെ ഉദരത്തിൽ ആദ്യമായി തുടിച്ച് തുടങ്ങുന്ന നിമിഷം മുതൽതന്നെ അതേ തീക്ഷ്ണതയോടും സ്നേഹത്തോടും കരുതലോടും ആ ‘ഗർഭം’ സ്വന്തം മനസ്സിലേക്കും സ്വീകരിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭർത്താക്കൻമാരിൽ ഏറെയും. ശാരീരികമായി ഭാര്യ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളിലും ഒപ്പം നിൽക്കുകയും അവർക്ക് താങ്ങാകുകയും ചെയ്യുന്നതിനൊപ്പം അവളുടെ മാനസ്സിക വ്യാപാരങ്ങളിലും ചേർന്നു നിൽക്കുന്നവർ. ചുരുക്കിപ്പറഞ്ഞാൽ ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള നാളുകളും ഇന്ന് ഭാര്യയ്ക്കും ഭർത്താവിനും ഒരുപോലെ ആയി മാറിയിരിക്കുന്നു. മറ്റെല്ലാ കാര്യങ്ങളിലും എന്നുപോലെ സ്വന്തം കുട്ടിയുടെ വളർച്ചയുടെ ഓരോ നിമിഷത്തെ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും കടമകളും അവർ സന്തോഷത്തോടെ തുല്യമായി പങ്കുവയ്ക്കുന്നു. ഈ പങ്കുവയ്ക്കലിനിടയിൽ ദമ്പതികളുടെ മാനസികവും ശാരീരികവുമായ സന്തോഷങ്ങളും ആകുലതകളുമെല്ലാം ഏറ്റവും അടുത്തുനിന്ന് കാണുന്നവരാണ് ഗൈനക്കോളജിസ്റ്റുകൾ. വിഷയത്തിൽ എന്താണ് അവർക്കു പറയാനുള്ളത്? ഭാര്യയുടെ ഗർഭകാലത്ത് പുരുഷന്മാരുടെ മനോഭാവത്തിലും പ്രകടമായ മാറ്റം വന്നുതുടങ്ങിയോ?