സ്പേസ് ഡോക്കിങ്ങിൽ ഇന്ത്യയുടെ സ്വന്തം ‘സെൻസർ പട’; ലോകം കയ്യടിച്ചു; നിർണായക ദൗത്യം ഐഎസ്ആർഒ നടപ്പാക്കിയതെങ്ങനെ?

Mail This Article
‘അതെ, ഞങ്ങൾ ഡോക്ക് ചെയ്തിരിക്കുന്നു. എല്ലാം വളരെ സ്മൂത്തായി നടന്നു...’’ ബഹിരാകാശത്തുനിന്ന് ഭൂമിയിലെ നാസയുടെ കൺട്രോൾ സെന്ററിലേക്ക് അന്ന് ഡേവിഡ് ആർ. സ്കോട്ടിന്റെ സന്ദേശമെത്തിയപ്പോൾ യുഎസ് ഗവേഷകർ ഒന്നടങ്കം കയ്യടിച്ചു. ആഹ്ലാദിച്ചു. കാരണമുണ്ട്. ലോകത്തെ ആദ്യത്തെ ബഹിരാകാശ ഡോക്കിങ് വിജയകരമായി നടന്നുവെന്ന സന്ദേശമാണ് സ്കോട്ട് ഭൂമിയിലേക്കു കൈമാറിയത്. അതായത് സ്കോട്ട് സഞ്ചരിച്ചിരുന്ന ജെമിനി 8 എന്ന പേടകം ബഹിരാകാശത്തു സഞ്ചരിച്ചിരുന്ന മറ്റൊരു പേടകമായ അജിനയുമായി (Agena Target Vehicle– GATV-5003) വിജയകരമായി കൂടിച്ചേർന്നിരിക്കുന്നു. മാനുഷിക ഇടപെടലോടെ നടന്ന ആദ്യത്തെ സ്പേസ് ഡോക്കിങ് കൂടിയായിരുന്നു അത്. അന്ന് സ്കോട്ടിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്തുവച്ച് നാസ നേരിട്ട ഏറ്റവും ആദ്യത്തെ അപകടകരമായ സാഹചര്യത്തെ നേരിടാൻ സഹായിച്ചത് ആ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേര് വഴിയേ പറയാം, അതിനു മുൻപ് അന്ന് ഡോക്കിങ്ങിനു ശേഷം എന്തു സംഭവിച്ചുവെന്നു നോക്കാം. അജിനയുമായി കൂടിച്ചേർന്നതിനു ശേഷം ഇനി ജെമിനി 8ന് അൺഡോക്കിങ്ങിലേക്കു കടക്കണം. അതായത്, രണ്ട് പേടകങ്ങളെയും വേർപ്പെടുത്തണം. അതിനുള്ള ശ്രമങ്ങളിലേക്കു കടക്കുമ്പോഴാണ് പേടകത്തിന്റെ സ്ഥിരതയെ നിയന്ത്രിക്കുന്ന ‘ആറ്റിറ്റ്യൂഡ് കൺട്രോൾ’ സംവിധാനത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് ബഹിരാകാശ യാത്രികർ തിരിച്ചറിഞ്ഞത്. അജിന പേടകത്തിൽ നേരത്തേ തയാറാക്കി വച്ചിരുന്ന കമാൻഡ് പ്രകാരം, ഡോക്കിങ്ങിനു ശേഷം രണ്ടു പേടകങ്ങളും ചേർന്ന് വലത്തോട്ട് 90 ഡിഗ്രി ചെരിയണമായിരുന്നു. എന്നാൽ ആ സമയത്താണ് സ്കോട്ട് തിരിച്ചറിഞ്ഞത്, പേടകം വട്ടംകറങ്ങുകയാണ്. ജെമിനി പേടകത്തിലുള്ള രണ്ട് യാത്രികരും തലകീഴായി മറിയുന്നു. പേടകത്തിലെ ഓർബിറ്റ് ആറ്റിറ്റ്യൂഡ് ആൻഡ് മാന്വറിങ് സിസ്റ്റത്തിന്റെ (ഒഎഎംഎസ്) ത്രസ്റ്ററുകൾ ഉപയോഗിച്ച് ആ മലക്കം മറിച്ചിൽ നിർത്താൻ പേടകത്തിലെ രണ്ടാമൻ പഠിച്ചപണി പതിനെട്ടും നോക്കി. ചെറു റോക്കറ്റ് എൻജിനുകളെയാണ് ത്രസ്റ്ററുകൾ എന്നു വിളിക്കുന്നത്. ബഹിരാകാശത്ത് അത് നിയന്ത്രിതമായി ജ്വലിപ്പിച്ച് പേടകങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ത്രസ്റ്റർ കൃത്യമായി പ്രവർത്തപ്പിച്ചതോടെ പേടകം തലകീഴായി മറിയുന്നത് നിലച്ചു. പക്ഷേ, ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുക്കും മുൻപേ പേടകം വീണ്ടും കറങ്ങാൻ തുടങ്ങി. മാത്രവുമല്ല ഭൂമിയിലെ കൺട്രോൾ സെന്ററുമായുള്ള ജെമിനി പേടകത്തിന്റെ നിയന്ത്രണവും നഷ്ടമായി. അനിയന്ത്രിതമായി പേടകം കറങ്ങിയാൽ ധാരാളം ഇന്ധനം ഇപ്പോഴും ബാക്കിയുള്ള അജിന പൊട്ടിത്തെറിക്കുമെന്നത് ഉറപ്പാണ്. അതോടെ അൺഡോക്കിങ്ങിനുള്ള ശ്രമം തുടങ്ങി. സ്കോട്ട് ഏറെ പരിശ്രമിച്ച് ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാമനാകട്ടെ അൺഡോക്കിങ് സാധ്യമാക്കാനാകും വിധം ഏറെ പണിപ്പെട്ട് പേടകത്തിന്റെ സ്ഥിരത തിരിച്ചുപിടിച്ചു. തൊട്ടുപിന്നാലെ അൺഡോക്കിങ് നടത്തി പേടകങ്ങൾ പരസ്പരം വേറിടുകയും ചെയ്തു. സത്യത്തിൽ ജെമിനി 8 പേടകത്തിലായിരുന്നു പ്രശ്നം. അതപ്പോഴും മലക്കംമറിഞ്ഞ് ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു. അതോടെ ഒഎഎംഎസ് സംവിധാനത്തെ പൂര്‍ണമായും ഷട്ട് ഡൗൺ ചെയ്തു. മാത്രവുമല്ല, ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള റീഎൻട്രി കണ്‍ട്രോൾ സിസ്റ്റം ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. അതായത്, എമർജൻസി ലാൻഡിങ് മാത്രമേ ഇനി നടക്കൂവെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് യാത്രികരും ജീവനോടെ തിരികെ ഭൂമിയിലേക്കു വരില്ല എന്നു പോലും നാസ കരുതിയ നിമിഷങ്ങൾ. ബഹിരാകാശ യാത്രികർക്ക് അവരുടെ വീട്ടിലുള്ളവരുമായി സംസാരിക്കാൻ ഒരുക്കിയ ആശയവിനിമയ