‘അതെന്നെ തളർത്തി’: ആൾക്കൂട്ടത്തിൽനിന്നു മാത്രം വരുന്ന അശ്ലീലം; മീനാക്ഷിക്കും ഹണിക്കുമെതിരെ നടന്നത് ആക്രമണമോ ലൈംഗിക വൈകൃതമോ?

Mail This Article
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?