പുതിയ സാമ്പത്തിക യുദ്ധത്തിനു തുടക്കമിട്ട് ട്രംപ്; വീസ വിലക്ക് ബൂമറാങ് ആകുമോ? യുഎസിൽ ജോലി ഇനി സ്വപ്നമോ?

Mail This Article
അമേരിക്കയെ ടെക്നോളജി രംഗത്തുൾപ്പെടെ ലോകത്തിന്റെ സൂപ്പർ പവർ ആയി വളർത്തുന്നതിൽ ഇന്ത്യക്കാർ വഹിച്ച പങ്ക് ചില്ലറയാണോ? ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ തലപ്പത്തിരിക്കുന്നത് സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദേല്ല, അഡോബിയെ നയിക്കുന്നത് ശന്തനു നാരായൺ, ഐബിഎമ്മിന്റെ സാരഥി അർവിന്ദ് കൃഷ്ണ, ഗൂഗിൾ ക്ലൗഡ് ബിസിനസിന്റെ മേധാവി മലയാളിയായ തോമസ് കുര്യൻ. പട്ടിക നീളും. ഇവരെല്ലാം ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുമാണ്. നദേല്ലയാണ് ഒന്നാമത്. പിച്ചൈയ്ക്ക് രണ്ടാം സ്ഥാനം, യൂട്യൂബിന്റെ സാരഥി നീൽ മോഹൻ മൂന്നാമത്. തോമസ് കുര്യൻ നാലാമതും ശന്തനു നാരായൺ 5-ാമതും. ഹുറൂണിന്റെ ഗ്ലോബൽ ഇന്ത്യൻസ് ലിസ്റ്റ് പ്രകാരമുള്ള റാങ്കിങ് ആണിത്. വിദേശികളെയല്ല, കഴിവുള്ള അമേരിക്കക്കാർക്കു തന്നെ അമേരിക്കൻ കമ്പനികൾ ജോലി നൽകണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ആവശ്യങ്ങളിൽ ഒന്ന്. എച്ച്1ബി വീസ ഉൾപ്പെടെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കം യുഎസിന് ബൂമറാങ്ങാകുമോ? കണക്കുകൾ ട്രംപിന് അനുകൂലമല്ല എന്നതാണ് ഇതിനെ സാധൂകരിക്കുന്ന വാദങ്ങളിലൊന്ന്. വൈദഗ്ധ്യം അനിവാര്യമായ തസ്തികകളിൽ കഴിവുള്ള വിദേശികളെ നിശ്ചിതകാലത്തേക്ക് നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്1ബി വീസ. യുഎസിന് ഐടി, നിർമിതബുദ്ധി (എഐ), സൈബർ സെക്യൂരിറ്റി, മറ്റ് ടെക്നോളജി, എൻജിനിയറിങ്, ഗണിതശാസ്ത്ര മേഖലകളിലെല്ലാം വിദേശികളായ വിദഗ്ധരെ അനിവാര്യമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.