വരുന്നു ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! മനുഷ്യൻ വേണ്ടാത്ത ഫാക്ടറി; എല്ലാം എഐ ചെയ്യുമ്പോൾ 'പണി' കിട്ടുമോ?

Mail This Article
വലിയൊരു ഫാക്ടറി, പക്ഷേ മനുഷ്യർ ഇല്ല. സുരക്ഷയ്ക്കും ഉൽപാദന നിരീക്ഷണത്തിനും മറ്റുമായി ഏതാനും പേർ മാത്രം. ബാക്കി പണിയൊക്കെ ഓട്ടോണമസ് ആയി ജെൻഎഐ സോഫ്റ്റ്‌വെയർ ചെയ്യുന്നു. കൃത്യമായി, എസ്ഒപി എന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ അനുസരിച്ചു തന്നെ. കേൾക്കുമ്പോൾത്തന്നെ ഭീതിദമായി തോന്നുന്ന ഈ രീതിക്കു പേര് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! ഇതെങ്ങനെ സാധിക്കുന്നു? എസ്ഒപിയിൽ (മെത്തേഡ് ഓഫ് ഓപ്പറേഷൻ–എംഒപി എന്നും പറയും.) നൂറു കണക്കിന് പേജുകളുടെ ടെക്സ്റ്റും പിന്നെ കമാൻഡുകളും കാണും. മനുഷ്യർക്ക് ഇതൊക്കെ വായിച്ചു പഠിച്ച് കമാൻഡുകൾ ഉപയോഗിക്കുന്ന സ്ഥിതിയിലെത്താൻ മാസങ്ങളുടെ പരിശീലനം വേണം. ഡൊമെയ്ൻ വൈദഗ്ധ്യമുള്ള അസിസ്റ്റന്റ് ഉൾച്ചേർന്നിരിക്കുന്ന ജെൻഎഐ സോഫ്റ്റ്‌വെയർ ഈ ടെക്സ്റ്റ് മുഴുവൻ വായിക്കുന്നു. അതു പഠിച്ച് കമാൻഡുകൾ ടെക്സ്റ്റിൽനിന്നു വേർതിരിക്കുന്നു. പിന്നെ കമാൻഡുകൾ നടപ്പാക്കുകയാണ്. തെറ്റുകൾ വന്നാൽ ലോക്കറിൽ സൂക്ഷിക്കും– പിന്നീട് അതെക്കുറിച്ച് അന്വേഷണമോ വിശകലനമോ വേണ്ടി വന്നാലോ? മനുഷ്യൻ മാസങ്ങളെടുത്തു ചെയ്യുന്ന കാര്യങ്ങൾ ഇത്തരം സെൽഫ് ഡ്രൈവിങ്, ഓട്ടോണമസ് സോഫ്റ്റ്‌വെയറിനു നടപ്പാക്കാൻ മിനിറ്റുകൾ മതി. 10000 ഉൽപന്നങ്ങൾ വേണമെങ്കിൽ അതനുസരിച്ച് ഏതൊക്കെ മെറ്റീരിയൽസ് എത്ര വേണമെന്നു കണക്കു കൂട്ടി, ഓർഡർ ചെയ്തു വരുത്തി ഉൽപാദനം നടത്തും. അതാണ് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ. കലിഫോർണിയ സംസ്ഥാനത്തെ സാനോസെയിൽ താമസിക്കുന്ന ദിനേഷ് നിർമലാണ് ഇതു പറഞ്ഞത്. ആരാണ് ദിനേഷ്? ഐബിഎമ്മിന്റെ ആഗോള സോഫ്റ്റ്‌വെയർ മേധാവി. സീനിയർ വൈസ് പ്രസിഡന്റ് ഐബിഎം പ്രോഡക്ട്സ്.