കടുവകൾ കാടിറങ്ങുന്നതിന് ഒരു കാരണമുണ്ട്, ലക്ഷ്യം മനുഷ്യരല്ല; പെറ്റുപെരുകി എണ്ണം മൂന്നിരട്ടി? ഭയക്കണം കപട പരിസ്ഥിതി വാദികളെയും

Mail This Article
40 വർഷം മുൻപ് വയനാട്ടിലെ നാട്ടുമ്പുറങ്ങളിൽ ആരെങ്കിലും കടുവയെ കണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കില്ലായിരുന്നു. വല്ലപ്പോഴും വഴിതെറ്റിയെങ്ങാനും ഒരു കാട്ടാനയോ കാട്ടുപന്നിയോ കാട്ടുപോത്തോ ഗ്രാമങ്ങളിൽ എത്തിയാലായി. എന്നാലിപ്പോൾ നാട്ടിലേക്കു കടുവയിറങ്ങുന്നത് സാധാരണമായി. വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽപോലും ആനയും കാട്ടുപോത്തും എത്തുന്നതു പതിവായി. ഇപ്പോൾ വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഭീതിയിലാണ്. കടുവയും പുലിയും ആനയുമൊക്കെ ഏതു നിമിഷവും മുന്നിലെത്താം. കാട്ടാനയാക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നതും ഇരുട്ടിന്റെ മറവിലെത്തി കടുവ വളർത്തുമൃഗങ്ങളെ കടിച്ചെടുത്തു മടങ്ങുന്നതും അസാധാരണ വാർത്തകളല്ലാതായി. ഒടുവിലൊരു നരഭോജിക്കടുവയും പ്രത്യക്ഷപ്പെട്ടു. അതു ചത്തെങ്കിലും ഒരു സ്ത്രീയെ കൊന്നുതിന്നതിന്റെ ഭീതി ഇപ്പോഴും നാട്ടുകാരിലുണ്ട്. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിന് പല ഉത്തരവുമുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ എത്തിയ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ‘‘വന്യജീവി സ്നേഹിതൻമാർ കോടതിയിൽ പോയിപ്പോയാണ് നമ്മൾ ഈ സ്ഥിതിയിലെത്തിയത്. പന്നിയെ കൊല്ലണമെങ്കിൽ ഗർഭിണിയാണോ എന്നു നോക്കണമെന്നു പറഞ്ഞതു കോടതിയാണ്. ഗർഭിണിയാണോ എന്നു നോക്കിയശഷം എങ്ങനെയാണ് പന്നിയെ വെടിവയ്ക്കുന്നത്?’’. വനസംരക്ഷണ നിയമങ്ങളോടും ചട്ടങ്ങളോടും വനംമന്ത്രിക്കു തന്നെ അമർഷം തോന്നിത്തുടങ്ങിയെങ്കിൽ അതിന്റെ ഇരകളായവരുടെ ഭയാശങ്കകൾ എത്രത്തോളം വലുതായിരിക്കും.