സൗജന്യ കൂടാരം മുതൽ ഡോം സിറ്റി വരെ; ‘കോടികള്‍’ എത്തുന്ന തീർഥാടനം; പറന്നും കാണാം ഈ മഹാവിസ്മയം

Mail This Article
കടൽ തിരികെ നദികളിലേക്ക് ഒഴുകിച്ചേരുന്നതുപോലൊരു കാഴ്ചയാണു പ്രയാഗ്‌രാജിലെ മഹാകുംഭമേള. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണിസംഗമത്തിലെത്തുന്നു. മോക്ഷപ്രാപ്തിക്കായി പുണ്യജലത്തിൽ മുങ്ങിനിവർന്ന് അവർ ആത്മനിർവൃതിയോടെ മടങ്ങുന്നു. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഓരോ മഹാകുംഭമേളയും. ഇനി ഇതുപോലൊരു കൂടിച്ചേരൽ 144 വർഷം കഴിഞ്ഞു മാത്രം. മൗനി അമാവാസി ദിനമായ ഇന്ന് കുംഭമേള നഗരിയിൽ രണ്ടാം ഷാഹി സ്നാനം (ത്രിവേണിസംഗമത്തിലെ പുണ്യസ്നാനം) നടക്കും. വസന്തപഞ്ചമി ദിനമായ ഫെബ്രുവരി 3നാണ് അടുത്ത ഷാഹി സ്നാനം. എല്ലാ നാടുകളിൽനിന്നും ജനം ഒഴുകിയെത്തുന്ന മഹാകുംഭമേളയുടെ സംഘാടനം രാജ്യാന്തര നിലവാരത്തിലാണ്. പ്രയാഗ്‌രാജിലെ 9 റെയിൽവേ സ്റ്റേഷനുകളിൽനിന്നും തീർഥാടകർക്കായി പ്രത്യേക ട്രെയിനുകളുണ്ട്. നദീതടത്തിലുടനീളം താൽക്കാലിക പാലങ്ങളും കൂടാരങ്ങളും ശുചിമുറികളും ഇരുമ്പുപാളികൾ നിരത്തിയുള്ള റോഡുകളും ഒരുക്കിയിരിക്കുന്നു. ഈ മാസം 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ദിവസവും ലക്ഷക്കണക്കിനുപേർ എത്തുന്നതു കണക്കിലെടുക്കുമ്പോൾ പൊതുവേ മാലിന്യമുക്തമാണു കുംഭമേള. 15,000 ശുചീകരണത്തൊഴിലാളികൾ സജീവം. നദീശുചീകരണത്തിനായി ഗംഗാസേവാദൂത് എന്ന പേരിൽ 1800 പേരുടെ സംഘവുമുണ്ട്. മഹാകുംഭമേളക്കാലത്തു കോടിക്കണക്കിനു രൂപയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഖജനാവിലെത്തുന്നത്.