‘യേ കുംഭ് ഹേ ഭയ്യാ!’ പ്രയാഗ്രാജിൽ കണ്ടു കണക്കുകൂട്ടലുകൾ തെറ്റുന്ന കാഴ്ച; അകമ്പടിക്ക് യുപി പൊലീസിന്റെ കുതിരസേന; ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി

Mail This Article
പുലർച്ചെ ശുഭമുഹൂർത്തത്തിൽ ശംഖനാദം മുഴങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കാത്തുനിന്ന ജനക്കൂട്ടം നദിയിലേക്ക് സ്തുതികൾ മുഴക്കി ഇറങ്ങി. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നിമിഷം, മഹാകുംഭമേളയ്ക്കു സാക്ഷിയാവാൻ യുപിയിലെ പ്രയാഗ്‌രാജിലേക്ക് കോടിക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നത്. ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്നതെന്നു കരുതുന്ന നദിയിലേക്ക്, ത്രിവേണീസംഗമപുണ്യം നുകരാനാണ് കിലോമീറ്ററുകൾ താണ്ടി ഭക്തരെത്തുന്നത്. ഫെബ്രുവരി 26 വരെ, 45 നാൾ നീളുന്ന മേളയിൽ 40 കോടിയിലേറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. ഇതിൽ വിശിഷ്ടമായ ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടിക്കും മേൽ ഭക്തരെ പ്രതീക്ഷിച്ചായിരുന്നു ഒരുക്കങ്ങൾ. ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാനായി 10,000 ഏക്കർ ഭൂമിയിൽ താൽക്കാലിക നഗരമാണ് യുപി ഒരുക്കിയത്. മികച്ച സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിരുന്നത്. എന്നിട്ടും കുംഭമേളയിൽ ഒന്നിലേറെ തവണ അപകടമുണ്ടായി. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിട്ടും അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്? എന്തൊക്കെയാണ് കുംഭമേളയിലെ കാഴ്ചകൾ? പ്രയാഗ്‍രാജ് സന്ദര്‍ശിച്ച മനോരമ പ്രതിനിധി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...