ബിഹാറിൽ താമര വിരിയിക്കാൻ ‘വിത്തിട്ട്’ ബിജെപി! സ്വർണത്തേക്കാൾ മൂല്യമുള്ള മഖാന; കർഷകർക്ക് കോടികൾ തരുന്ന ‘ബ്ലാക്ക് ഡയമണ്ട്’

Mail This Article
നിലമറിഞ്ഞ് വിത്ത് വിതയ്ക്കണമെന്ന പഴമൊഴി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ചെയ്തതും അതുതന്നെയാണ്. വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട ബിഹാറിൽ നിലമറിഞ്ഞുതന്നെ വിത്തിട്ടു, ഇട്ടത് താമരവിത്താണെന്നു മാത്രം. ബിഹാറിൽ താമര വിരിയാക്കാനുള്ള തന്ത്രമാണോ ഇതെന്നു സംശയിച്ചാലും തെറ്റു പറയാനാകില്ല. നിലവിൽ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ സഖ്യകക്ഷിയാണ് ബിജെപി. നിതീഷിനെ തകർത്ത് ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. അതിലേക്കാണ് നിർമല ഈ താമരവിത്തിട്ടതും! ഫിറ്റ്നസ് പ്രേമികളുടെ ഡയറ്റ് ചാർട്ടിലെ പ്രിയ വിഭവമാണ് മഖാന അഥവാ താമരവിത്ത്. ബിഹാറിനു വേണ്ടി പ്രത്യേകം മഖാന ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ബിഹാറിലെ 10 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മഖാന കൃഷിയിൽ നിന്നാണ് ലോകവിപണിയിലെ 90 ശതമാനം മഖാനയും ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേതന്നെ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബോർഡ് രൂപീകരിച്ച് മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് ബിഹാറിന്റെ ലക്ഷ്യം.