‘തെറ്റായ ചിത്രങ്ങൾ സിനിമയിൽ, ഡിവിഡി തടയണം’: അന്ന് ബോളിവുഡിലെ പൊലീസുകാരി, കാനഡയിലെ പ്രധാനമന്ത്രിക്കസേര കൊതിച്ച് ‘ഇന്ത്യൻ ലേഡി ട്രംപ്’

Mail This Article
2003ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ‘ക്യോം, കിസ് ലിയേ’യിൽ പൊലീസ് ഓഫിസറായി വേഷമിട്ട ഒരു നടിയുണ്ട്; റൂബി ധല്ല. ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംരംഭക, കാനഡ ആസ്ഥാനമായ ധല്ല ഗ്രൂപ്പിന്റെ സിഇഒ. പക്ഷേ, ഇപ്പോൾ റൂബി ധല്ല മറ്റൊരു പോരാട്ടത്തിലാണ്. കാനഡയിലെ, കാനഡ സ്വദേശിയല്ലാത്ത ആദ്യ വനിത പ്രധാനമന്ത്രി ആകാനുള്ള പോരാട്ടം. ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജി വച്ചതോടെ പകരം ആര് എന്ന ചോദ്യം ശക്തമാണ്. അതിനുള്ള ഉത്തരവുമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള റൂബിയുടെ മത്സരം. ഇന്ത്യയിൽ നിന്ന് 1972ൽ കാനഡയിലേക്ക് കുടിയേറിയ പഞ്ചാബ് വംശജരുടെ മകളാണ് റൂബി. ആദ്യമായി കനേഡിയൻ പാർലമെന്റിൽ എത്തിയ ഇന്ത്യൻ വംശജ എന്ന ചരിത്രവും റൂബി ധല്ലയുടെ പേരിലാണ്. നീണ്ട കാലം രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്ത റൂബി, ലിബറൽ പാർട്ടിയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് സ്ഥാനാർഥിത്വത്തിലേക്ക് വരുന്നത്. കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന റൂബിക്ക് ഇതിനോടകം തന്നെ, ‘കാനഡയിലെ ലേഡി ട്രംപ്’ എന്ന വിശേഷണവും ചാർത്തിക്കിട്ടിയിട്ടുണ്ട്. താൻ അധികാരത്തിലേറിയാൽ കാനഡയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനും മനുഷ്യക്കടത്തിനും അവസാനം കുറിക്കുമെന്ന് റൂബി പറഞ്ഞിട്ടും നാളുകളേറെയായിട്ടില്ല. ആരാണ് ട്രൂഡോയുടെ പിൻഗാമിയാവാൻ മത്സരിക്കുന്ന റൂബി ധല്ല? എന്താണ് അവരുടെ ജീവിതവും രാഷ്ട്രീയവും? എങ്ങനെയാണ് ഒട്ടേറെ വിവാദങ്ങളിലേക്ക് അവർ വലിച്ചിഴയ്ക്കപ്പെട്ടത്?