മകളെ മർദിച്ച് കൊന്ന് പാക്കിസ്ഥാനിലേക്ക് പറന്ന പിതാവ്, കൂട്ടിന് രണ്ടാം ഭാര്യ; മസ്കിനെയും ചൊടിപ്പിച്ച ‘ഗ്രൂമിങ് ഗ്യാങ്’; സാറ ഭയന്ന ആ കാരണം ഇന്നും അജ്ഞാതം

Mail This Article
2023 ഓഗസ്റ്റ് 10. തെക്കുപടിഞ്ഞാറൻ ലണ്ടനിൽനിന്ന് ഏതാണ്ട് 36 കിലോമീറ്റർ അകലെ ഒരു വീട്ടിൽനിന്ന് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തണുത്തുറഞ്ഞ നിലയിൽ 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തോടു ചേർന്ന് ഒരു കുറിപ്പുമുണ്ടായിരുന്നു.‘‘ക്രൂരമായി മർദിച്ച് എന്റെ മകളെ കൊലപ്പെടുത്തിയത് ഉർഫാൻ ഷരീഫ് എന്ന ഞാനാണ്. അവളെ കൊല്ലണമെന്ന് കരുതിയതല്ല. പക്ഷേ സാധിച്ചില്ല. ചിലപ്പോൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും മുൻപ് തന്നെ ഞാൻ തിരികെ വരും.’’–മൃതദേഹം കണ്ടെത്തുന്നയാളെ സംബോധന ചെയ്തായിരുന്നു ആ കത്ത്. 10 വയസ്സു മാത്രമുള്ള പെൺകുട്ടി നേരിട്ട ദുർവിധി കണ്ട് അവളെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും റിപ്പോർട്ട് കണ്ട പൊലീസും ഞെട്ടി. കാരണം ഇത്രയും ക്രൂരമായി, നീചമായി ഒരു കൃത്യത്തിന് അവർ അടുത്തെങ്ങും സാക്ഷിയാകേണ്ടി വന്നിട്ടില്ലായിരുന്നു. ശരീരത്തിനു പുറത്ത് ഏഴുപതിലേറെ മുറിവുകൾ, നൂറിലധികം ആന്തരിക മുറിവുകൾ. ആ ക്രൂരകൃത്യത്തിനു പിന്നിൽ പെൺകുട്ടിയുടെ സ്വന്തം പിതാവും രണ്ടാനമ്മയുമായിരുന്നു. ബ്രിട്ടൻ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ ശിക്ഷാവിധി വന്നപ്പോൾ ലോകവും ഞെട്ടി. പിതാവ് ഉർഫാൻ ഷരീഫിന് 40 വർഷം തടവും രണ്ടാനമ്മ ബീനാഷ ബട്ടൂലിന് 33 വർഷം തടവുമാണ് കോടതി വിധിച്ചത്. സാറയുടെ കഥ അവളുടെ മരണത്തോടെ അവസാനിക്കുന്നില്ല. കാരണം മരണസമയത്ത് അനുഭവിച്ചതിനേക്കാൾ ഇരട്ടിയിലേറെ വേദനയാണ് അതിനു മുൻപുള്ള വർഷങ്ങളിൽ അവൾ നേരിട്ടതെന്ന് പിന്നീട് പുറംലോകം അറിഞ്ഞു. എന്താണ് സാറാ ഷരീഫിന് സംഭവിച്ചത്? ലോകകോടീശ്വരൻ ഇലോൺ മസ്കും ബ്രിട്ടിഷ് പ്രധാനമന്ത്രിയും തമ്മിലുള്ള വാക്പോരിനു വരെ സാറ എങ്ങനെ കാരണമായി? സാറയുടെ മരണത്തിലൂടെ ബ്രിട്ടനിലെ നിയമങ്ങൾ എങ്ങനെ ലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി?