അഞ്ചുകാലുള്ള പശു, വർഷങ്ങളായി കൈ താഴ്ത്താത്ത ബാബ; ‘കോടി’കൾ ഒഴുകുന്ന സംഗമസാക്ഷ്യത്തിന്റെ ‘പുതിയ ജില്ല’

Mail This Article
ഗംഗയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന താൽക്കാലിക പാലങ്ങൾക്കു കിലോമീറ്ററുകളാണു നീളം. പാലത്തിനടിയിലൂടെ ഗംഗയൊഴുകുന്നു. മുകളിൽ ആൾക്കൂട്ടത്തിന്റെ മറ്റൊരു ഗംഗ! നദി കരകവിഞ്ഞെന്നപോലെ തീർഥാടക ലക്ഷങ്ങൾ ഒഴുകിയെത്തുന്നു. വിശ്വാസത്തിന്റെ മറ്റൊരു പുഴയായി അവർ ത്രിവേണിയിൽ അലിഞ്ഞുചേരുന്നു. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ, പല നിറങ്ങളണിഞ്ഞവർ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ...അദൃശ്യമായൊരു ചരടിലെന്നപോലെ ജനപഥങ്ങളെ കോർത്തെടുക്കുന്നതിലാണു കുംഭമേളയുടെ സൗന്ദര്യമെന്നുതോന്നും. പല നദികൾ സംഗമിക്കുന്നിടത്തെ മനുഷ്യമഹാസംഗമം. ആ സംഗമത്തിലൂടെ ഒരു യാത്രയാണിത്. പ്രയാഗ്‌രാജ് നഗരപ്രാന്തത്തിലെ ബറൗംലി എന്ന പ്രദേശത്താണു പഴയ അലഹാബാദ് എയർപോർട്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളങ്ങളിലൊന്നായ അവിടെ നിന്നാണ് ആൾക്കൂട്ടത്തിൽ അലിയാനുള്ള യാത്ര തുടങ്ങിയത്. 2018ൽ നിർമിച്ച പുതിയ ടെർമിനലിലാണു വിമാനം ഇറങ്ങിയത്. പുലർച്ചെയുള്ള കനത്ത തണുപ്പിന്റെ അകമ്പടിയോടെയാണ് മേളനഗരിയിലേക്ക് പുറപ്പെട്ടത്. രാവിലെയും രാത്രിയുമുള്ള തണുപ്പ് പകൽസമയത്ത് മാത്രം ചെറു ചൂടിലേക്ക് മാറും. കാൽനടയായെത്തുന്ന തീർഥാടകരെ