റിയാക്ടർ കത്തിജ്വലിച്ചു, ചൈനയുടെ ‘ഡൂപ്ലിക്കേറ്റ് സൂര്യന്’ പത്തിരട്ടി ചൂട്; പെട്രോളും ഡീസലും മറക്കേണ്ടി വരുമോ!

Mail This Article
‘നിങ്ങളുടെ കയ്യിൽ ലോകത്തെയാകെ വിസ്മയിപ്പിക്കുന്ന ഒരു പരീക്ഷണത്തിന്റെ ആശയമുണ്ടോ? എങ്കിൽ അത് ഞങ്ങൾക്ക് തരൂ’– എന്ന് ചൈന ഗവേഷകരോട് നിരന്തരം പറയുന്നുണ്ടോ എന്നു തോന്നിപ്പോകും അവിടെനിന്നുള്ള ചില പരീക്ഷണങ്ങളുടെ കഥ കേട്ടാൽ. ഒരിക്കലും നടക്കില്ലെന്നു തോന്നിപ്പിക്കുന്ന പരീക്ഷണങ്ങൾക്കു പോലും കോടികളിറക്കുകയാണ് ചൈന. അതിൽ പലതും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യുന്നു. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്രയും തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകരിപ്പോള്‍. അതോടൊപ്പമാണ് ഏവരെയും അമ്പരപ്പിച്ച് ഭൂമിയിലൊരു ‘ഡൂപ്ലിക്കറ്റ് സൂര്യന്റെ’ പരീക്ഷണങ്ങൾക്കു പിന്നാലെയും ചൈന പോയിരിക്കുന്നത്. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണം തകൃതിയായി നടക്കുകയാണ് ചൈനയിൽ. അടുത്തിടെ നടന്ന പരീക്ഷണത്തിൽ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചു. ആദ്യമായി 17 മിനിറ്റോളം കൃത്രിമ സൂര്യൻ കത്തിജ്വലിച്ചുനിന്നു. ഇനിയും പരീക്ഷങ്ങൾ ഏറെ നടക്കേണ്ടതുണ്ട്. പക്ഷേ, ഈ ദൗത്യം വിജയിച്ചാൽ ലോകത്തെതന്നെ ഒന്നടങ്കം മാറ്റിമറിക്കുന്ന നേട്ടമാകുമെന്നാണ് ഗവേഷകർ പറയുന്നത്. സൂര്യൻ ഭൂമിയിലേക്കിറങ്ങി ജ്വലിച്ചാൽ എല്ലാം കത്തിപ്പോവില്ലേ എന്ന സംശയം സ്വാഭാവികം. ഇല്ലെന്നു മാത്രമല്ല, ഭാവിയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടേക്കാവുന്ന ചില മേഖലകളിൽ ‘ചൈനീസ് കൃത്രിമ സൂര്യൻ’ വൻ മാറ്റം കൊണ്ടുവരുമെന്നാണ് ഗവേഷകർ പറയുന്നത്. ആയിരം സെക്കൻഡിലധികം ഒരു റിയാക്ടർ സൂര്യനെപ്പോലെ പ്രവർത്തിച്ചത് ചെറിയ കാര്യമല്ല. ഈ സമയത്ത് റിയാക്ടറിൽ നിന്ന് 10 കോടി ഡിഗ്രി സെൽഷ്യസിലധികം താപമാണ് പുറത്തുവന്നത്. ഈ താപം ഉപയോഗിച്ച് ‘ഭൂമിയിലെ സൂര്യന്’ നിരവധി ദൗത്യങ്ങൾ നിര്‍വഹിക്കാനാകുമെന്നാണ് പറയുന്നത്. എന്താണ് ചൈനീസ് കൃത്രിമ സൂര്യന്റെ സാധ്യത?