എതിരിടുന്നവരെ വിറപ്പിക്കുന്ന ഹാക്ക; പാർലമെന്റിൽ വൈറലായ വനിതാ എംപിയുടെ നൃത്തം; ന്യൂസീലൻഡിലെ ‘കൈതി’; എന്തിനാണ് ഈ മാവോറി യുദ്ധം?

Mail This Article
2025 ഫെബ്രുവരി ആദ്യവാരം ന്യൂസീലൻഡ് കൗതുകകരമായ ഒരു ബിൽ പാസാക്കി. അവിടുത്തെ പ്രശസ്തമായ ഒരു അഗ്നിപർവതത്തിന് ‘മനുഷ്യ പദവി’ നൽകി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് ടറനാക്കി എന്ന അഗ്നിപർവതത്തിനായിരുന്നു ഒരു മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നൽകി ബിൽ പാസാക്കിയത്. എന്തിനായിരുന്നു ഇത്തരമൊരു കൗതുകനീക്കം? അതിന്റെ ഉത്തരം പറയും മുൻപേ ന്യൂസീലൻഡിലെ മാവോറി എന്ന ഗോത്രത്തെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കണം. ന്യൂസീലൻഡ് ജനതയിൽ 17.8% വരുന്ന ഗോത്രജനവിഭാഗമാണ് മാവോറികൾ. അതായത്, ന്യൂസീലൻഡിലെ ആറിൽ ഒരാളെന്ന കണക്കിന് മാവോറി വിഭാഗക്കാരനാണ്. മനുഷ്യരും മരങ്ങളും ചെടികളും പർവതങ്ങളും മൃഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് മാവോറികള്‍. ഇവരെ സംബന്ധിച്ചിടത്തോളം ടറനാക്കി പർവതവും പാവനമായ സ്ഥലമാണ്. പണ്ട് ബ്രിട്ടിഷ് അധിനിവേശകാലത്ത് മാവോറികളുടെ ഭൂമി തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള ക്രൂരത ന്യൂസീലൻഡിൽ അരങ്ങേറിയിരുന്നു. കോളനിവൽക്കരണത്തിന്റെ ആ മോശം കാലത്തെ ഓർമകൾ മായ്ച്ചു കളയാനായി, ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് പാവനമായ പർവതത്തിന് മനുഷ്യ പദവി നൽകി മാവോറികളെ സർക്കാർ ‘ആശ്വസിപ്പിച്ചത്’. എന്തുകൊണ്ടാണ് മാവോറികളോട് സർക്കാരിന് ഇത്രയും സ്നേഹം? അതിനു പിന്നിൽ കോളനിവൽക്കരണം മാത്രമല്ല കാരണം. ഏതാനും മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 നവംബറിൽ അതിശക്തമായ മാവോറി പ്രക്ഷോഭമാണ് ന്യൂസീലൻഡ് കണ്ടത്. ആയിരക്കണക്കിന് മാവോറികൾ തെരുവിലിറങ്ങി.