വ്യായാമമില്ലാതെ വണ്ണം കുറയ്ക്കുന്ന ‘മാന്ത്രിക മരുന്ന്’; മസ്കിന്റെ ‘ഹോളിവുഡ് സീക്രട്ട്’; തൊലി ചുളിയും കൊഴുപ്പടിയും വൃക്ക തകരും!

Mail This Article
വ്യായാമം ചെയ്യാതെ മരുന്നുകളിലൂടെ ഭാരം കുറയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കുക; വരാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പുതിയ പഠനങ്ങൾ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന അവസ്ഥയാണ് അമിതവണ്ണവും പൊണ്ണത്തടിയും. ഇതിൽനിന്ന് വളരെ എളുപ്പത്തിൽ മോചനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകുകയുമില്ല. പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ മരുന്നുകൾ പരീക്ഷിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. വ്യായാമത്തെ പടിക്കു പുറത്തുനിർത്തി പെട്ടെന്ന് വണ്ണം കുറയ്ക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നതാണ് യാഥാർഥ്യം. ശാരീരിക ആരോഗ്യത്തേക്കാൾ ശരീരഘടനയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന പ്രവണത സമൂഹത്തിൽ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇത് പ്രകടവുമാണ്. അത്തരക്കാർ ഭയക്കേണ്ടതുണ്ടെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ 2025 ജനുവരിയിൽ അവരുടെ നേച്ചർ മെഡിസിൻ ജേണലിലൂടെ പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ശരീരഭാരം നിയന്ത്രിക്കാനുളള ജനപ്രിയ മരുന്നുകളുടെ അപകടസാധ്യതകളെക്കുറിച്ചാണ്.