രുചിയുടെ താജ്മഹൽ തീർത്ത മുംതാസിന്റെ മുഗൾ ബിരിയാണി; കഴിച്ചിട്ടുണ്ടോ പാലിൽ വെന്തു കുറുകിയ ദൂത് കി ബിരിയാണി? ചക്ക, ചിക്കൻ, ചേന... ദമ്മിട്ട കഥകളേറെ

Mail This Article
ഒരു ബിരിയാണിക്ക് എത്രത്തോളം വിനയമാകാം? ഭൂമിയോളം താഴാം എന്നൊക്കെ പറഞ്ഞുവയ്ക്കാം. എന്നാൽ, ഭൂമിക്കടിയിലേക്കും താഴ്ന്നു പോയിട്ട് ഉയർന്നു വന്ന ഒരു ബിരിയാണി വിശേഷമുണ്ട് ഛത്തീസ്ഗഡിൽ: ജിമിക്കന്ത് ബിരിയാണി! ശുദ്ധ വെജിറ്റേറിയൻ. അരി ബസുമതിയൊക്കെത്തന്നെ. പക്ഷേ, മെയിൻ താരം ‘ജിമിക്കന്ത്’ ആണ്. അതാരാണെന്നല്ലേ? സാക്ഷാൽ ചേന. പലതരം ബിരിയാണി കഴിച്ചു ശീലിച്ച നമ്മുടെ നാട്ടുകാർ ചേന ബിരിയാണി എന്ന് കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കും. പക്ഷേ ഛത്തീസ്ഗഡുകാർക്ക് സംഗതി പുത്തരിയല്ല. നല്ല വെണ്ണ പോലെ വെന്ത ചേന സുഗന്ധവ്യജ്ഞനങ്ങളും അത്യാവശ്യം പച്ചമരുന്നുകളും ചേർത്തു വേവിച്ച അരിക്കൊപ്പം മസാലയിൽ കുതിർന്ന് പാകമായി വരുമ്പോൾ സ്വർണനിറത്തിൽ സവാള വറുത്തതും മല്ലിയിലയും വിതറി അലങ്കരിക്കുന്നോടെ അതാ വരുന്നു ആവിപറക്കുന്ന ജിമിക്കന്ത് ബിരിയാണി. പപ്പടവും റെയ്ത്തയും കൂട്ടി ഒരു പിടിപിടിച്ചാൽ ഇതാ ഇതുവരെ അകംപൂകിയ ബിരിയാണികൾക്കൊപ്പം ഒരു പുത്തൻ വിശേഷം കൂടി മനസ്സു തൊട്ട് ഉള്ളിലേക്കു ചെന്നു ചേരുകയായി. അപ്പോഴിതാ ദം പൊട്ടിക്കുകയാണ്, വ്യത്യസ്തമായ പലതരം ബിരിയാണികൾക്കു പിന്നിലെ രുചിയേറിയ കഥകളിലേക്ക്...