വേനലിൽ ചൂടിനൊപ്പം പേടിക്കണം ഈ കാര്യങ്ങള്‍; ശരീരം തണുക്കാൻ തക്രധാര; എങ്ങനെ ശരീരം തണുപ്പിക്കാം, രോഗങ്ങളെ പറപ്പിക്കാം?

Mail This Article
ചുറ്റും ചൂടുള്ള വാർത്തകളാണ്. ചൂട് കൂടുമെന്ന മുന്നറിയിപ്പ് കടന്ന്, ഉച്ചയ്ക്ക് പുറത്തിറങ്ങുന്നതു വരെ സൂക്ഷിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. ഓരോ ദിവസവും ചൂടു കൂടുന്നു. വേനൽമഴ എത്തുന്ന ലക്ഷണം ഇല്ലതാനും. ഇനി മാർച്ചും ഏപ്രിലും വരാനിരിക്കുന്നു. വേനൽക്കാല രോഗങ്ങളും വ്യാപിക്കുവാൻ തക്കം പാർത്തിരിക്കുന്നുണ്ട്. വെള്ളംകുടി കുറയ്ക്കരുതെന്ന് നിർദേശം ഉള്ളപ്പോൾതന്നെ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നുവെന്നും കാണാം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോഴേ ഉള്ളിൽ ചൂടു കൂടില്ലേ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയം ആയതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. 2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടില്‍ രേഖപ്പെടുത്തിയതുതന്നെ 40.4 ഡിഗ്രി ചൂടാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9ന് അമേരിക്കൻ ഏജൻസി പസിഫിക് സമുദ്രത്തിൽ ലാ നിന എന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇടയ്ക്കിടെ ചൂടിനൊരാശ്വാസമായി വേനൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്. ലാ നിന എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ മാസം നീണ്ടു നിൽക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കൂ. നിലവിൽ ദുർബലമായ ഒരു ലാ നിനയാണ് പസിഫിക് സമുദ്രത്തിലുള്ളത്. അതിനാൽത്തന്നെ, വരുന്ന മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.