സെലെൻസ്കിയെ വിരട്ടിയ ട്രംപിന് മസ്കിന്റെ മകനെ ‘പേടി’; നിസ്സാരമല്ല ഈ ഫോബിയ; നിങ്ങൾക്കും പിടിപെടാം; ചികിത്സയുണ്ടോ?

Mail This Article
യുക്രെയ്ൻ–റഷ്യ യുദ്ധം ചർച്ച ചെയ്തു തീർക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് കയർത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലൈവായിത്തന്നെ ലോകം കണ്ടു. ചുറ്റിലും മാധ്യമപ്രവർത്തകരും ക്യാമറകളും നിറഞ്ഞിട്ടും ട്രംപിന് ഒരു പരിഭ്രമവും ഇല്ലായിരുന്നു. ‘എന്താല്ലേ ട്രംപിന്റെ ഒരു ധൈര്യം’ എന്നു മൂക്കത്തു വിരൽ വച്ചവർക്ക് സെലെൻസ്കി അപ്പോൾത്തന്നെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകുന്നതും ലോകം കണ്ടു. എന്നാൽ ട്രംപ് അത്ര ‘ധൈര്യശാലി’യൊന്നുമല്ലെന്നതാണു യാഥാർഥ്യം. മനുഷ്യരോട് എന്തും തുറന്നുപറയാൻ മടിയില്ലാത്ത ട്രംപ് ചില കുഞ്ഞന്മാർക്കു മുന്നിൽ മുട്ടുമടക്കും. അതും കണ്ണിൽപ്പോലും പെടാത്തത്ര കുഞ്ഞന്മാരോട്! അതെന്താ സംഭവം എന്നല്ലേ? ട്രംപിന്റെ വിശ്വസ്തന്‍ ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ നാലുവയസ്സുകാരൻ മകൻ, ചരിത്രപ്രസിദ്ധമായ റെസല്യൂട്ട് ഡെസ്ക്കിൽ മൂക്കള തേച്ചെന്ന കാരണംകൊണ്ട് ഡെസ്ക് തന്നെ ട്രംപ് ഉപേക്ഷിച്ചെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. മകൻ എക്സിനെയുംകൊണ്ട് മസ്ക് ട്രംപിന്റെ ഓഫിസിലെത്തിയപ്പോഴായിരുന്നു സംഭവം. മസ്ക് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എക്സ് പണിപറ്റിച്ചത്. പയ്യൻ നിരന്തരം മൂക്കിൽ കയ്യിടുന്നത് ട്രംപ് അനിഷ്ടത്തോടെ നോക്കുന്ന വിഡിയോകളും പ്രചരിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് മേശ മാറ്റിയതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും സംഗതിക്കു പിന്നിൽ ട്രംപിന്റെ ‘കീടാണുഭയം’ തന്നെയാണ് കാരണമെന്നു വാർത്ത പരന്നു.