കടലിലേക്ക് നടക്കുന്തോറും കണ്ടു സങ്കടകരമായ ആ കാഴ്ച; കടലാമകളുടെ ശവപ്പറമ്പായി മറീന; ‘കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ വീണ്ടും കണ്ടുമുട്ടാം’

Mail This Article
തിരകൾ തൊടുന്നതു പോലെ വലിയൊരു കടലാമ കരയിലേക്ക് കയറി ഇരിക്കുന്നു. ഇളംവെയിലിൽ അതിന്റെ പുറന്തോടു തിളങ്ങുന്നു. പുറത്തെ നനവ് കണ്ട് കൗതുകത്തോടെയാണ് അടുത്തക്ക് പോയത്. ഉടൻ ഒരു പറ്റം കാക്കകൾ അടുത്തേക്ക് പറന്നിറങ്ങി. നായ്ക്കളും അടുത്ത് ചുറ്റിപ്പറ്റി നിൽക്കുന്നു. നടക്കാനും കടൽക്കാറ്റേറ്റ് സമയം ചെലവഴിക്കാനെത്തിയവരുമുണ്ട് ചുറ്റിലും. അവർ ഫോണിൽ ചിത്രം പകർത്തി മടങ്ങുന്നു. ഇത്രയൊക്കെ ബഹളം ചുറ്റിലുമുണ്ടായിട്ടും ആമയ്ക്കു മാത്രം അനക്കമില്ല. തല ഉള്ളിലേക്കു വലിച്ച് ഒരുപക്ഷേ ധ്യാനത്തിലായിരിക്കുമോ ആ ആമ? പക്ഷേ അടുത്തു വന്നപ്പോഴാണറിഞ്ഞത്, സങ്കടകരമായിരുന്നു ആ കാഴ്ച. കടലാമകളുടെ ശവപ്പറമ്പായി മാറുകയാണ് ചെന്നൈ മറീന ബീച്ച്. മറീന തീരം മുതൽ കോവളം (ചെന്നൈ) വരെ നൂറോളം കടലമകളാണ് ദിവസവും ചത്തടിയുന്നത്. മനുഷ്യനു മുൻപേ ഭൂമിയിൽ പിറന്ന കടലാമകളുടെ കൂട്ട മരണ വിവരമറിഞ്ഞാണ് മറീനയിലേക്ക് പോയത്. ചെന്നെയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ചിത്രം എടുക്കാൻ എത്തിയ സമയമായിരുന്നു അത്. അവിടുത്തെ ഒരു പത്രത്തിലെ വാർത്തയുടെ ചുവടു പിടിച്ചായിരുന്നു അന്വേഷണം. കാര്യം പറഞ്ഞപ്പോൾ നാട്ടുകാരൻ ഓട്ടോക്കാരൻ മുരുകന് ആവേശം. ‘രാവിലെ ഏഴിന് വാങ്കോ സാർ’ എന്നു പറഞ്ഞ മുരുകന്റെ മഞ്ഞ ഓട്ടോറിക്ഷയിൽ രാവിലെത്തന്നെ മറീന ബിച്ചിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന താൽക്കാലിക കടകൾ. അരക്കിലോ മീറ്ററോളം നടന്നാലേ കടലിലേക്ക് എത്തൂ.