‘എല്ലാം ഞാനറിയുന്നുണ്ട്.. ഊനംകൂടാതെ കാത്തുകൊള്ളും’; ക്ഷേത്രമുറ്റങ്ങളിലെ മാപ്പിളത്തെയ്യങ്ങൾ; വിളി കേൾക്കും ഒന്നായി

Mail This Article
ബാലിക്കടക്കോൻ ജന്മി പരിവാരങ്ങൾക്കൊപ്പം കിഴക്കുകൂലോത്തേക്കു പോകുമ്പോഴാണു വഴിയരികിൽ ഒരു അന്യനാട്ടുകാരനെ കാണുന്നത്. ചോദിച്ചപ്പോൾ ഉള്ളാളിൽനിന്നുള്ള ഇച്ച (മുസ്‌ലിം) യാണെന്നു പറഞ്ഞു. ആരോഗ്യവാനാണെങ്കിലും മുഖത്തു ക്ഷീണം പ്രതിഫലിച്ചിരുന്നു. ‘‘ മാലോം കൂലേത്തേക്ക് എന്തേ വന്നൂ?’’– കാരണവർ ചോദിച്ചു. അധ്വാനിക്കാൻ മടിയില്ലാത്ത തനിക്കൊരു പണി തരണമെന്നായി ചെറുപ്പക്കാരൻ പോക്കർ. ആരോഗ്യം കണ്ടപ്പോൾതന്നെ കാരണവർക്ക് ആളെ ബോധിച്ചിരുന്നു. ‘‘ ഞാൻ കിഴക്കൻകൂലോത്തേക്കു പോക്വാണ്. വരാൻ നാളുകളെടുക്കും. ഞാൻ തരുന്ന അടയാളം കൂലോത്തേൽപ്പിക്കുക. കാര്യസ്ഥൻ എല്ലാം ചെയ്തോളും’’– കാരണവർ കൈവശമുള്ള കത്തിയും താക്കോലും പോക്കറെ ഏൽപിച്ചു. പോക്കർ അടയാളങ്ങളുമായി തറവാട്ടിലെത്തി കാര്യസ്ഥനെ കണ്ടു. അടയാളം കണ്ടപ്പോൾ കാര്യസ്ഥന് എല്ലാം മനസ്സിലായി. പാടത്തു ജോലി ചെയ്യുന്നവർക്കൊപ്പം കൂടാൻ പറഞ്ഞ കാര്യസ്ഥൻ അയാൾക്കു താമസിക്കാൻ ഇടവും ഭക്ഷണവും നൽകി. കാരണവർ തിരിച്ചുവന്നപ്പോൾ പോക്കറെ അന്വേഷിച്ചു. എല്ലുമുറിയെ പണിയെടുക്കുന്ന ഇച്ചയെക്കുറിച്ചു കാര്യസ്ഥനു നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അധികകാലം വേണ്ടിവന്നില്ല, പോക്കർ കാരണവരുടെ ഇഷ്ടപ്പെട്ട ജോലിക്കാരനായി. അതിരില്ലാതെ കിടക്കുന്ന വയലും പറമ്പും. നെല്ലും പുനംകൃഷിയും. പതുക്കെ പതുക്കെ എല്ലാറ്റിന്റെയും ചുമതല കാരണവർ പോക്കറെ ഏൽപിച്ചു. കൃഷികാര്യങ്ങളൊക്കെ പോക്കറോടു ചോദിച്ചേ ചെയ്യൂ എന്ന സ്ഥിതിയായി.