കേന്ദ്രം നശിപ്പിക്കുമോ ‘അദ്ഭുത പ്രദേശം’; പിന്നെ കഴിക്കാം പഴകിയ ‘വിഷമത്സ്യം’? പ്രതീക്ഷിച്ചത് പെട്രോൾ, കള്ളമാണോ വെള്ളമണൽ?

Mail This Article
‘നിങ്ങളാണ് കടൽ ശാസ്ത്രജ്ഞർ’. സൂനാമിയെ കുറിച്ച് പഠിക്കാെനത്തിയ ശാസ്ത്ര സംഘം വർഷങ്ങൾക്കു മുൻപ് കൊല്ലത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചപ്പോൾ അദ്ഭുതംകൂറിയതാണ് ഇത്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മനസ്സറിഞ്ഞ അവർ അദ്ഭുതത്തോടെ പറഞ്ഞു. ‘‘അനുഭവങ്ങളാണ് നിങ്ങളുടെ അറിവ്, അതു ഞങ്ങള്‍ പഠിച്ചുണ്ടാക്കിയതിനെക്കാളും എത്രയോ വലുതാണ്! ശരിക്കും കടലിന്റെ ശാസ്ത്രജ്ഞർ, അതു നിങ്ങളാണ്’’. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളാൽ കൊല്ലം നഗരം ചുവപ്പിൽ പൊതിഞ്ഞ കാഴ്ചകള്‍. അതും കടന്നു തങ്കശ്ശേരി– വാടി കടപ്പുറത്തെത്തിയപ്പോൾ കണ്ടു മറ്റൊരു സമരത്തിന്റെ മുന്നൊരുക്കങ്ങൾ. എന്നും വെല്ലുവിളികളെ നേരിട്ട ചരിത്രമുള്ള മത്സ്യത്തൊഴിലാളികൾക്കു കടൽമണൽ ഖനനമാണ് പുതിയ ശത്രു. ജീവിതത്തിൽ ആരാധനയോടെ കാണുന്ന കടലിനെ, ജീവിതമാർഗത്തെ ഒന്നാകെ നശിപ്പിക്കാൻ വരുന്ന ഖനനമെന്ന ശത്രുവിനെ നേരിടാൻ കടപ്പുറം ഒറ്റക്കെട്ടാണ്. അതിനായി കുംഭമാസച്ചൂടിലും കരയിലും ഏറെ പരിചിതമായ കടലിലും സമരപ്പാത വെട്ടിത്തുറക്കുകയാണ് അവർ. മണൽ ഖനനത്തിനൊപ്പം മാധ്യമങ്ങളിലും ചർച്ചകളിലും ഏറെ ഉപയോഗിക്കുന്ന വാക്കാണ് കൊല്ലം പരപ്പ് അഥവാ ക്വയിലോൺ ബാങ്ക്. കടലിലെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ഇതിനോടകം പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കു കൊല്ലം പരപ്പ് എന്താവും? പരപ്പ് നശിച്ചാൽ കടലും തീരവും നശിക്കുമെന്ന് അവർ പറയുന്നത് എന്തുകൊണ്ടാവും? മണൽഖനനം എങ്ങനെയാണ് പരപ്പിനു ഭീഷണിയാകുന്നത്? കേന്ദ്ര ഖനന നീക്കത്തെ എങ്ങനെ പ്രതിരോധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം? മനോരമ ഓൺലൈൻ പ്രതിനിധി കൊല്ലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടുകളും വഞ്ചികളും നിറഞ്ഞ തീരമേഖലയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും.