ഒരേക്കറും പുതിയ വീടും സൗജന്യം; സന്തോഷത്തോടെ വന്നവർ ജീവനും കൊണ്ടോടി; സമരക്കാരെ സർക്കാരിട്ടത് ‘തുറന്ന ജയിലിൽ!’

Mail This Article
‘‘മൃഗശാലയിൽ കൊണ്ടുവിട്ട മനുഷ്യരെപ്പോലെയാണ് ഞങ്ങൾ. സർക്കാർ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്നറിയില്ല. ഒരേക്കർ ഭൂമി തന്നു. പക്ഷേ മണ്ണ് തിന്ന് ജീവിക്കാൻ പറ്റില്ലല്ലോ?’’ ആറളം ഫാമിൽ ഒൻപതാം ബ്ലോക്കില്‍ താമസിക്കുന്ന ശാന്ത ഇതു പറയുമ്പോൾ ചേർത്തുവയ്ക്കാൻ ഇനിയുമുണ്ട് ഇവിടെ വിഷമങ്ങള്‍. ‘വല്ലാത്തൊരു ജീവിതാ ഞങ്ങടേത്’ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ലീലാ ഗോപാലൻ പറയുന്നതു കേട്ടാൽ ജീവിതത്തിൽ യാതൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തം. മുത്തങ്ങ സമരത്തിലുൾപ്പെടെ പങ്കെടുക്കുമ്പോൾ സ്വന്തമായി ഒരു തുണ്ടു ഭൂമിയായിരുന്നു ഇവരുടെ സ്വപ്നം. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ലഭിച്ചതോ, നരകതുല്യമായ ജീവിതവും. ആദിവാസികളെ ആറളത്തേക്കു കൊണ്ടുവന്ന് തുറന്ന ജയിലിൽ ഇട്ടതു പോലെയായിരിക്കുന്നു കാര്യങ്ങൾ. അർധപ്പട്ടിണിയിലായിരുന്ന കുറേ മനുഷ്യർ വലിയ പ്രതീക്ഷയിലാണ് ആറളത്തേക്ക് എത്തിയത്. എന്നാൽ അവർ വന്നു വീണതാകട്ടെ മുഴുപ്പട്ടിണിയിലേക്കും മരണഭയത്തിലേക്കും. ആറളത്ത് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിച്ച ആദിവാസികളുടെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാൻ ദയനീയം എന്ന വാക്ക് മതിയാകില്ല. വീട്ടിൽനിന്നു റേഷൻ കടയിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററെങ്കിലും നടക്കണം. ആനയെ പേടിച്ചു മിക്ക ഓട്ടോക്കാരും ഈ വഴി വരാറില്ല. വരുന്നവർക്കാണെങ്കിൽ 400 രൂപയെങ്കിലും കൊടുക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണി കിട്ടുന്ന ഇവർ 400 രൂപ എങ്ങനെ നൽകാനാണ്. പിന്നെയുള്ളത് ഇടയ്‌ക്ക് വന്നുപോകുന്ന ഒരു കെഎസ്ആർടിസി ബസാണ്. ആദിവാസികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടു നടപ്പാക്കിയ ആറളം പുനരധിവാസ പദ്ധതിക്ക് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഫാം നശിച്ചുകൊണ്ടിരിക്കുന്നതിനു പിന്നിൽ എന്താണ്?