ഭഗവദ്ഗീതയുമായി ബഹിരാകാശത്തേയ്ക്ക്; കൽപന ചൗള ഭയമായി; കേരളത്തോടും സ്നേഹം; കടലും കരയും ആകാശവും കീഴടക്കിയ സുനിതയുടെ കഥ – വിഡിയോ

Mail This Article
ന്യൂമെക്സിക്കോയിൽ 2024 സെപ്റ്റംബർ 6ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം തിരിച്ചെത്തിയത് ആരുമില്ലാതെയാണ്, മടങ്ങിവരേണ്ട 2 പേരാകട്ടെ ബഹിരാകാശത്തും! രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് മനുഷ്യരെ എത്തിക്കുന്ന സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. ഇന്ത്യന്‍ വംശജ സുനിത വില്യംസും അമേരിക്കക്കാരൻ ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണു ഭൂമിയില്‍നിന്നു പുറപ്പെട്ടത്. 7ന് ഐഎസ്എസിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റിമറിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ടവർ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ മുകളിൽ ‘കുടുങ്ങിയത്’ 8 മാസത്തിലേറെ. അനിശ്ചിതമായ ദൗത്യത്തിനിടെ ശരീരം ഉടയുന്നുണ്ടെങ്കിലും ഉലയാത്ത മനസ്സുമായി ലോകത്തെ പ്രചോദിപ്പിക്കുകയായിരുന്നു സുനിത. ‘നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക’ എന്നു പറഞ്ഞ് കടലിലും യുദ്ധഭൂമിയിലും ആകാശത്തും വെന്നിക്കൊടി നാട്ടിയവൾ. 2012ലും 2024ലും ആയി 2 തവണ സുനിതയുടെ പിറന്നാൾ ബഹിരാകാശത്തായിരുന്നു. ക്രിസ്മസ് ആഘോഷിച്ചതും ലണ്ടൻ ഒളിംപിക്സ് കണ്ടതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതും അവിടെനിന്നാണ്. ആദ്യമായി ബഹിരാകാശത്തു മാരത്തണും ട്രയാത്‌ലണും പൂർത്തിയാക്കി. 2 പ്രാവശ്യം ബഹിരാകാശ നിലയത്തിന്റെ കമാൻഡറുമായി. ബഹിരാകാശത്ത് അടുപ്പിച്ച് ഏറ്റവുമധികം നാൾ കഴിഞ്ഞ വനിതയാണ്. കൽപന ചൗളയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ. സ്പേസ് സ്റ്റേഷനു പുറത്തിറങ്ങി 62 മണിക്കൂറും 6 മിനിറ്റും നടന്നു. തിരുത്തിയതു പെഗ്ഗി വിറ്റ്സന്റെ റെക്കോർഡ്. 9 തവണ സ്പേസ് വാക്കും നടത്തി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര പക്ഷേ, ആശങ്കയുടെ ആകാശമായി.