കണ്ടാൽ കേരളം പോലെ, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല, അസൂയയില്ല; ഇഷ്ടം കാപ്പിയും ബീയറും: ഫിൻലൻഡ് ഹാപ്പിയാണ്!

Mail This Article
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.