ശരീരം നിറയെ ‘സ്വർണ ദ്രാവക’വുമായി ശതകോടീശ്വരന്: ആരാണ് ബ്രയാൻ? എന്താണ് മനുഷ്യന് മരണമില്ലാതാക്കുന്ന ‘ബ്ലൂപ്രിന്റ്’?

Mail This Article
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?