ബഹുരാഷ്ട്ര കമ്പനി തലവൻ ഇവിടെ പശുവിനെ മേയ്ക്കും, ഞാറു നടും; ജീവിക്കാൻ ‘കാശ്’ വേണ്ട; ഓറോവിൽ, ഇന്ത്യയുടെ സ്വപ്ന ഭൂമി
Mail This Article
പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി, ഭർത്താവായ സായിപ്പിനെയും പിന്നിലിരുത്തി സ്കൂട്ടറിൽ പോകുന്ന തമിഴ് സ്ത്രീ. പാവാടയും ഉടുപ്പുമിട്ട തമിഴ് പെൺകുട്ടിക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന വിദേശികളായ രക്ഷിതാക്കൾ. കറൻസിയും കോടതിയും പൊലീസ് സ്റ്റേഷനുമില്ലാത്ത, കിലോമീറ്ററുകളോളം മൺപാതകളും ഇടവഴികളുമുള്ള പച്ചപ്പിന്റെ പറുദീസ.– ഒരു സിനിമാക്കാഴ്ചപോലെ ഓറോവിൽ! ആദ്യ കാഴ്ചയിൽത്തന്നെ മായികത നിറയ്ക്കുന്ന വശ്യഭൂമിക. ഓരോ അണുവിലും സൂക്ഷ്മമായി നോക്കിയാൽ ആധ്യാത്മികതയുടെയും മാനവികതയുടെയും അനേകം അടരുകളുള്ള ലോകം. ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും അതിനോടു ചേർന്നു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്ന പഴയ പോണ്ടിച്ചേരിയിലുമായാണ് ഓറോവിൽ. 3900 ഏക്കറിലേറെ വരുന്ന സ്വപ്നലോകം. പുതുച്ചേരി നഗരത്തിൽനിന്ന് ഓറോവിലിലേക്ക് 10 കിലോമീറ്റർ മാത്രം. ദക്ഷിണേന്ത്യ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ പോണ്ടിയിലെ ഓറോവിൽ അമ്പരപ്പിക്കുന്ന അദ്ഭുതമാണ്. കാഴ്ചയിലേക്ക് വണ്ടി പിടിച്ചെത്തുന്നവരെ ഒട്ടും അപരിചിതത്വം തോന്നാതെ സ്വീകരിക്കാനുള്ള ഓറോവിലിന്റെ കഴിവ് നമ്മളെ ഞെട്ടിക്കും.