കറുത്തിരുണ്ട മലിനജലത്തിൽ കുളിച്ച് അന്ന് പ്രതിഷേധം; ഗിരിധരയും ശിഷ്യരും ഇന്നും തുടരുന്നു, തെളിനീരു തേടുന്ന ‘ജലജീവിതം’

Mail This Article
തണുപ്പ് കുറയാനും വെയിൽകടുക്കാനും കാത്തുനിൽക്കാതെതന്നെ വേദക്ലാസുകൾ വിട്ട് ഇത്തവണയും ഗുരുവും ശിഷ്യരും തകർന്നുകിടക്കുന്ന, ഒഴുക്കുമുട്ടിയ, അഴുക്കുമൂടിയ ജലാശയങ്ങൾ തേടി നാട്ടിലിറങ്ങി. കഴിഞ്ഞ ഉഷ്ണതരംഗത്തിൽ വെന്ത ഭൂമിയിൽ മഴക്കാലം വീണ്ടും പലയിടത്തും ഉറവകൾ ഉണ്ടാക്കിയെങ്കിലും വരാൻ പോകുന്ന ഒരോ വേനലിന്റെയും കാഠിന്യവും തീക്ഷ്ണതയും ശാസ്ത്രപ്രവചനത്തിനും അപ്പുറമായ സാഹചര്യത്തിലാണ് വേദപണ്ഡിതൻ ഗിരിധര ഘനപാഠിയും സംഘവും ജലം വീണ്ടെടുപ്പിന്റെ ദൂതുമായി വീണ്ടും ജനമധ്യത്തിൽ ഇറങ്ങിയത്. എല്ലാം പരമാത്മാവിൽ അർപ്പിച്ച് ഒരുവ്യാഴവട്ടക്കാലം പിന്നിട്ട സേവനത്തിന്റെ ലക്ഷ്യം ജലം വീണ്ടെടുക്കലും അതു നിലനിർത്തലും അതിനായി അധികാരികളുടെ ശ്രദ്ധക്ഷണിക്കലും മാത്രം. പല സംഘടനകളും സ്ഥാപനങ്ങളും ജലസംരക്ഷണവും മലിനീകരിക്കപ്പെട്ട പുഴകളും കുളങ്ങളും വീണ്ടെടുക്കുന്നതും ശുചീകരിക്കുന്നതും ചിലയിടങ്ങളിൽ മാതൃകാപരമായി നടക്കുന്നുണ്ട്. അവയിൽ മിക്കതും ഒരു പ്രത്യേക ദിനാചരണ പരിപാടിയായി അവസാനിക്കുന്നു. ചിലരെങ്കിലും അത് നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇവർക്കിടയിലാണ് ഒരു സംഘടനയുടെയും ബാനറില്ലാതെ, നാട്ടിലെ അഴുക്കുമൂടിയ കുളങ്ങളും ഒരുകാലത്ത് നിരവധി പേർക്ക് ദാഹജലം നൽകിയിരുന്ന പൊതുകിണറുകളും വീണ്ടെടുക്കാനും അവ പരിപാലിക്കാനും പാലക്കാട് വേദവാധ്യാരുടെയും ഒരു കൂട്ടംവേദപഠിതാക്കളുടെയും ശ്രമം നടക്കുന്നത്. അനന്തമായ വേദപരിശീലനത്തിലെ പാരമ്പര്യവ്യവസ്ഥകൾ മറികടന്ന്, ഗുരുവിനൊപ്പം ശിഷ്യരും ജലത്തിനായി സ്വയം സമർപ്പിക്കുന്നു.