അന്ന് കൊച്ചിയിൽ കംപ്ലീറ്റ് ബ്ലാക്ക് ഔട്ട്; ‘പൊട്ടാത്ത’ ബോംബിട്ട് പാക്കിസ്ഥാൻ നാണംകെട്ടു; കായലിനെ കരയാക്കിയ നേവിയുടെ ബ്രില്ല്യൻസ്

Mail This Article
വീണ ബോംബ് പൊട്ടിയില്ലെങ്കിൽ, ചരിത്രം പിന്നീടതിനെ ‘നുണ ബോംബ്’ എന്നു പരിഹസിക്കും. വീണിട്ടും പൊട്ടാത്ത ബോംബിനോളം നാണക്കേടും ചീത്തപ്പേരും ആർക്കും വരാനില്ല. പൊട്ടാത്തതിൽ ആശ്വസിച്ചവരും പിന്നീടതു പറഞ്ഞു കളിയാക്കി ചിരിക്കും. അതാണ് 1965 സെപ്റ്റംബറിൽ കൊച്ചിയിൽ സംഭവിച്ചത്. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധകാലത്തു കൊച്ചിയിൽ പാക്കിസ്ഥാൻ ബോംബിട്ട കാര്യം പറയുമ്പോൾ അന്നത്തെ ഓർമകളുള്ള ചില കൊച്ചിക്കാർ എഴുന്നേറ്റു നിന്ന് അനുഭവം പങ്കുവയ്ക്കും. ഉന്നം തെറ്റി കൊച്ചി കായലിലെ ചെളിയിൽ വീണ് ആഴത്തിൽ പൂണ്ട ആ ബോംബ് പൊട്ടാതിരിക്കാൻ എന്താവും കാരണം? കായലിൽ നല്ല കനത്തിൽ കുറുകിയ ചെളിയാണ്. ബോംബിനാണെങ്കിൽ ഭയങ്കര ഭാരവും. പത്തിരുപതടി ആഴത്തിലേക്കു പോയാൽ പൊട്ടിയാലും പുറത്ത് അറിയില്ല. നനഞ്ഞ പടക്കം പോലെയാകും നനഞ്ഞ ബോംബും. ദക്ഷിണനാവിക ആസ്ഥാനത്തെ മുഴുവൻ പോർരേഖകളും വിവരാവകാശ നിയമത്തിനു വഴങ്ങാത്ത സേനാരഹസ്യങ്ങളാണ്. അതൊരിക്കലും പുറത്തു വരില്ല, വരാൻ പാടില്ല. ഇതേക്കുറിച്ച് ഒരു വിവരവും അവിടെനിന്ന് കിട്ടില്ല.