വലിയകോയിത്തമ്പുരാന് പ്രതിഫലം 100 പവൻ; ചാക്ക് നിറയെ വെള്ളിനാണയം വേണ്ട, പകരം പായ വാങ്ങി അപ്പൻ തമ്പുരാൻ; റോയൽറ്റി നൽകി ഞെട്ടിച്ച പബ്ലിഷർ...

Mail This Article
എഴുത്തിനു പ്രതിഫലമെന്നതു ചിന്തിക്കാൻ പോലുമാകാത്ത കാലഘട്ടത്തിൽ അത് കൃത്യമായി എഴുത്തുകാർക്കു നൽകി ചരിത്രംരചിച്ചയാൾ, മലയാള കവിത, പ്രബന്ധ, ഗവേഷണ, വ്യാകരണ മേഖലയിലെ മഹാപ്രതിഭകൾ കൃതികൾ സ്വന്തമായി അച്ചടിച്ച് പരിചയക്കാർക്കുമാത്രം നൽകി ജീവിച്ചകാലത്ത്, അത് അച്ചടിക്കാൻ സ്വന്തമായി അച്ചുകൂടം സ്ഥാപിച്ച് അവരെ പ്രശസ്തിയിലേക്കുയർത്തിയ അക്ഷരസ്നേഹി. ഒറ്റപ്പാലത്തിനടുത്തുള്ള മായന്നൂർ ഗ്രാമത്തിലെ കുളങ്കുന്നത്ത് കെ.എസ്.രാമൻമേനോൻ (കുളങ്കുന്നത്ത് ശങ്കുണ്ണിനായർ രാമൻമേനോൻ) എന്ന, 48 വയസ്സു വരെ മാത്രം ജീവിച്ച മനുഷ്യൻ കേരളത്തിലെ പ്രസാധനകലയുടെ പിതാമഹനായി മാറിയത് അതിശയകരമായ ചരിത്രമാണ്. മലയാള സാഹിത്യത്തിലെ മങ്ങാത്ത മണിദീപങ്ങളായ കൃതികളിൽ പലതും ആദ്യമായി അച്ചടിച്ച് അദ്ദേഹം വായനക്കാരുടെ കൈകളിലെത്തിച്ചു. ആ തുടക്കം അദ്ദേഹത്തെ കേരളമെങ്ങും പ്രസിദ്ധനാക്കി. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി മേനോനും സാമ്പത്തികമായി നല്ലനില കൈവന്നെന്ന് അദ്ദേഹത്തെക്കുറിച്ചുളള ലേഖനങ്ങളിൽ കാണുന്നു. വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ, അതൊരായുധമാണ് എന്ന ആഹ്വാനം സ്വജീവിതത്തിൽ വ്യത്യസ്തരീതിയിൽ പകർത്തിയ വ്യക്തിയാണ് അദ്ദേഹം. അന്തരിച്ച് ഒരു നൂറ്റാണ്ട് തികഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ സംഭാവനകൾ കൂടുതൽ വിലയിരുത്തപ്പെടുന്നത്.