മുകുന്ദന്റെ പേര് ‘ദൈവം’ എന്ന് മുഴങ്ങി; ജോസഫിനെ മയ്യഴിയിലെത്തിച്ചത് ദൈവത്തിന്റെ സുകൃതികൾ!

Mail This Article
1978, ഡൽഹി നഗരം. ട്രാഫിക് സിഗ്നൽ ചുവന്ന വട്ടപ്പൊട്ടുകുത്തി. വണ്ടികൾ അതിൽ കണ്ണുടക്കി നിന്നു. മെലിഞ്ഞ്, വെയിലേറ്റു വാടിയൊരു മലയാളിപ്പയ്യൻ റോഡിലിറങ്ങി. വണ്ടികൾ തോറും ഓടി ഡ്രൈവിങ് ലൈസൻസ് ഉയർത്തിക്കാട്ടി. മുറിഹിന്ദിയുടെ മുറിവിൽ യാചന പുരട്ടി ചോദിച്ചു: ‘മുഛേ ഡ്രൈവർ കീ നൗക്കരി മിൽ സക്താ ഹേ.. ക്യാ? എനിക്കു ഡ്രൈവർ പണി തരുമോ? സിഗ്നലുകളിൽ ഭിക്ഷ യാചിക്കുന്ന നാടോടികളെ കണ്ടുമടുത്ത ഡൽഹി അവനെയും ആട്ടിയോടിച്ചു. തടയണകെട്ടി നിന്ന വാഹനങ്ങൾ പച്ചതെളിഞ്ഞപ്പോൾ പലവഴി തിരിഞ്ഞ് ഒഴുകിപ്പോയി. ആഴ്ചകൾ നീണ്ട ആ അലച്ചിലിലേക്കു വീണ്ടും വാഹനങ്ങൾ വന്നു നിന്നു. ആട്ടിയോടിക്കപ്പെട്ട് അവൻ ആ വാഹനത്തിന്റെ അടുത്തെത്തി. ഡൽഹിയിലെ ഡിപ്ലോമാറ്റുകൾ ഉപയോഗിക്കുന്ന സി.ഡി. എന്ന ചുരുക്കപ്പേര് (Corps Diplomatique) നമ്പർ പ്ലേറ്റിൽ കൊത്തിവച്ചൊരു ആഡംബര കാർ. ഫ്രഞ്ച് എംബസിയുടെ സിഡി 25. ഡൽഹിയിലെ മാർവാഡികൾ ഉപയോഗിക്കുന്നതരം ആഡംബര കാറുകളുടെ അടുത്തു പോകാൻ അവൻ ധൈര്യപ്പെട്ടിരുന്നില്ല. ഭയത്തെ വിശപ്പ് തിന്നുതീർത്ത നിമിഷത്തിൽ ആ കാറിനെയും സമീപിച്ചു. ഡ്രൈവർ ആട്ടിയോടിച്ചു. സിഗ്നൽ ചുവപ്പുമാറി. മുന്നിലുള്ള വാഹനങ്ങൾ നിരങ്ങിത്തുടങ്ങി. നിരാശയോടെ ഫുട്പാത്തിലേക്കു മാറാനൊരുങ്ങിയ അവനുനേരെ അപ്രതീക്ഷിതമായി കാറിന്റെ പിൻവാതിൽ തുറക്കപ്പെട്ടു.