പ്രമേഹം കുറയ്ക്കാം, അലർജി മാറും; പേശിബലവും ദഹനശക്തിയും കൂടും; മാനസിക സമ്മർദം കുറയ്ക്കാം; വീട്ടിലിരുന്നു ചെയ്യാം ഈ യോഗ; ഇതാ വിദഗ്ധ നിർദേശങ്ങൾ

Mail This Article
‘യോഗ ചെയ്യുന്നതിനു നിങ്ങള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങൾ എന്തെല്ലാമാണെന്നറിയാമോ? അത് നിങ്ങളുടെ ശരീരവും മനസ്സുമാണ്’– പ്രശസ്ത അമേരിക്കൻ യോഗ പരിശീലകൻ റോഡ്‌നി യീയുടെ വാക്കുകൾ. ശരീരത്തിനും മനസ്സിനും യോഗ പകരുന്ന സൗഖ്യം തിരിച്ചറിഞ്ഞുതന്നെയാണ് എല്ലാ വർഷവും ജൂൺ 21 യോഗ ദിനമായി ആചരിക്കുന്നത്. അതിനു മുൻകൈ എടുത്തതാകട്ടെ യോഗയുടെ ജന്മസ്ഥലമെന്നു പറയാവുന്ന ഇന്ത്യയും. ഇന്ന് ലോകമെമ്പാടും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമെന്ന പോലെ പലരും യോഗ ചെയ്യുന്നു, മനസ്സും ശരീരവും നിയന്ത്രിച്ച് സമാധാനത്തോടെ, സന്തോഷത്തോടെ, ആരോഗ്യത്തോടെ ജീവിക്കുന്നു. ‘യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്’ എന്നതാണ് ഇത്തവണത്തെ യോഗാ ദിന സന്ദേശം. 2015ലാണു യോഗാദിനാചരണത്തിനു തുടക്കമായത്. അന്നത്തെക്കാൾ ഇന്നു യോഗ ഏറെ ജനകീയമായിരിക്കുന്നു. ദിവസവും പ്രായഭേദമെന്യേ യോഗയിലേക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടേയിരിക്കുന്നു. യഥാർഥത്തിൽ എന്താണ് യോഗ നമ്മുടെ ശരീരത്തിനായി പകർന്നു നൽകുന്നത്? എങ്ങനെ യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും ചൈതന്യം നിറഞ്ഞ മനസ്സും സ്വന്തമാക്കാം? യോഗ എന്നു കേൾക്കുമ്പോഴേ അതു തടി കുറയ്ക്കാനോ ഏതെങ്കിലും അസുഖങ്ങൾ മാറാനോ വേദന മാറ്റാനോ ഉള്ള എളുപ്പമാർഗമാണെന്നു ധരിക്കുന്നവർ ഇന്നും ഒട്ടേറെയുണ്ട്. യോഗ ഒരു ദിനചര്യയാക്കിയാൽ ആ ഗുണങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ല. എന്നാൽ അതു മാത്രമല്ല യോഗ നൽകുന്ന പ്രയോജനങ്ങൾ. നമുക്കു ശാരീരികമായി മാത്രമല്ല മാനസികമായും സൗഖ്യമേകുന്നു യോഗ.