‘‘പ്രിയപ്പെട്ട കൊച്ചുമോന്...’’ എന്നു തുടങ്ങുന്ന നൂറു കണക്കിന് കത്തുകളെങ്കിലും അരനൂറ്റാണ്ടിലധികം നീണ്ട പൊതു പ്രവർത്തന കാലത്ത് ഉമ്മൻചാണ്ടി എഴുതിയിട്ടുണ്ടാവും. ആ കത്തുകൾ സുഖപ്പെടുത്തിയ ജീവിതങ്ങൾ പുതുപ്പള്ളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ‘മണർകാട് മെഡിക്കൽസ്’ എന്ന മെഡിക്കൽ ഷോപ്പിലേക്ക് ആ കത്തുകളെത്തിയിരുന്നത് മിക്കവാറും ഞായറാഴ്ചകളിലായിരുന്നു. ഉമ്മൻചാണ്ടിയെ കാണാനെത്തുന്നവരുടെ നീണ്ട നിരയിൽ മുഷിഞ്ഞ മരുന്നു ചീട്ടുമായി കാത്തുനിന്ന ഒരാളു പോലും മരുന്നിന് വഴി കാണാതെ മടങ്ങിയിട്ടില്ലെന്നതും പുതുപ്പള്ളി ഓർക്കുന്നു. കുഞ്ഞൂഞ്ഞ് വന്നെന്നറിഞ്ഞാൽ പരാതികളുടെ കടലാകുമായിരുന്ന വീട്ടുമുറ്റത്തേക്ക്, മരണം അറിഞ്ഞപ്പോൾ മുതൽ ഇടവേളകളില്ലാതെ ആളെത്തുന്നുണ്ട്. ആരുടെയും നിർദേശമില്ലാതെ കടകൾ അടഞ്ഞു കിടക്കുന്നു.
HIGHLIGHTS
- പുതുപ്പള്ളി മണ്ഡലത്തിലുടനീളം താഴ്ത്തിക്കെട്ടിയ കരിങ്കൊടികൾക്കു താഴെ കനം വച്ച മുഖവുമായി ആളുകൾ നിൽക്കുന്നു. വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രായഭേദമന്യേ ആളുകൾ വിതുമ്പിപ്പോകുന്നു. ഉമ്മൻചാണ്ടിയെ അടുത്തു കാണാത്ത, കൈ പിടിക്കാത്ത ഒരാളെങ്കിലും ആ മണ്ഡലത്തിലുണ്ടോയെന്ന് സംശയം. പുതുപ്പള്ളിക്ക് ആരായിരുന്നു ഉമ്മൻ ചാണ്ടി?