മറ്റൊരു ദേശത്തുനിന്നു രണ്ടു പതിറ്റാണ്ടിലേറെ മുൻപു കോട്ടയത്തേക്കു പത്രപ്രവർത്തകനായി വരുമ്പോൾ രണ്ടു വലിയ എക്സൈറ്റ്മെന്റുകളുണ്ടായിരുന്നു. ഒന്ന്, ഉമ്മൻ ചാണ്ടി. രണ്ട്, കെ.എം.മാണി. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മനുഷ്യരായിരുന്ന അവരുടെ തട്ടകത്ത് അവരുടെ രാഷ്ട്രീയം അടുത്തുനിന്നു കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യാനുള്ള അവസരം പത്രപ്രവർത്തക വിദ്യാർഥികളെ ആവേശം കൊള്ളിക്കുക സ്വാഭാവികം. തുടർന്നുള്ള 20 വർഷത്തോളം ഈ രണ്ടു നേതാക്കളെയും നിരന്തരം പിന്തുടരാനും സംസാരിക്കാനും ഒപ്പം യാത്ര ചെയ്യാനും അവസരങ്ങൾ വന്നു. പലവട്ടം ഇരുവരുടെയും അഭിമുഖമെടുത്തു. കെ.എം മാണി ആദ്യം വിടപറഞ്ഞു. ഇപ്പോൾ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയിലെ ഒരു തിരഞ്ഞെടുപ്പുകാലത്താണ് ഉമ്മൻ ചാണ്ടിയെ ആദ്യം നേരിട്ടു കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു പറഞ്ഞുകൂട, ജനക്കൂട്ടത്തെയാണ് കണ്ടത്. അതിന്റെ നടുവിലുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പുതുപ്പള്ളി മണ്ഡലത്തിൽപ്പെട്ട പാമ്പാടി പഞ്ചായത്തിൽ പത്താഴക്കുഴി എന്ന സ്ഥലത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെയും തുടക്കം. ഭാഗ്യമുള്ള കവലയാണ് പത്താഴക്കുഴി എന്ന് അദ്ദേഹവും പാർട്ടിക്കാരും കരുതിയിരിക്കും.
HIGHLIGHTS
- 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. അന്ന് എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയി ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിക്കുന്നു. അത്തവണ ഉമ്മൻ ചാണ്ടി ഒന്നുലയുമോ എന്നു പലരും സംശയിച്ചു. പ്രചാരണത്തിനിടെ സിന്ധുവിനെ കണ്ടപ്പോൾ ചോദിച്ചു, ‘‘എന്താ അവസ്ഥ?’’. ഉടനെ മറുപടിയെത്തി– ‘‘എളുപ്പല്ലാട്ടോ!’’. ഇപ്പോൾ പുതുപ്പള്ളിയും പറയുന്നു, അത്ര എളുപ്പമല്ല കുഞ്ഞൂഞ്ഞേ, നിന്നോടു വിട പറയാൻ... മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ. ടോണിജോസ് എഴുതുന്നു ഉമ്മൻ ചാണ്ടിയെക്കുറിച്ച്...