ശമ്പളദിനത്തിന്റെ തലേദിവസമായിരിക്കും മിക്കപ്പോഴും അത് സംഭവിക്കുക. എവിടെ നിന്നെങ്കിലും കറങ്ങിതിരിഞ്ഞ് ഒരു പച്ചക്കുതിര വീടിനുള്ളിലേക്ക് കയറിവരും. രാത്രിയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ടിവി കാണുന്ന സമയത്താവും മിക്കപ്പോഴും ടിയാന്റെ വരവ്. ‘‘കണ്ടില്ലേ പച്ചക്കുതിര, നാളെ വീട്ടിൽ പണം വരുമെന്ന് അവനറിയാം’’ എന്നിങ്ങനെയുള്ള വാക്കുകൾ വീട്ടുകാരിൽനിന്ന് ഉടനെത്തും. കുട്ടികൾ ആരെങ്കിലും അതിനെ ഓടിപ്പിക്കാൻ ശ്രമിച്ചാൽ, ‘‘അതൊരു പാവമല്ല, അവിടിരുന്നോട്ടെ’’ എന്ന ഡയലോഗു കൊണ്ട് ആ നീക്കത്തിനു തടയിടും. അടുത്തിടെ ഒരു പാറ്റയെ കണ്ടപ്പോൾ അതിന്റെ പിന്നാലെ പോയി ചൂലുകൊണ്ട് അടിച്ചോടിച്ച അതേയാൾ പച്ചക്കുതിരയുടെ കാര്യത്തിൽ ‘നിലപാട്’ മാറ്റിയതു കണ്ട് കുട്ടി അന്തംവിട്ടു നിൽക്കും. ഇതെല്ലാം കാണുന്ന പച്ചക്കുതിരയാകട്ടെ, കുറച്ചു നേരം അവിടെ ഗമയിലൊക്കെ ചാടി നടന്ന ശേഷം എങ്ങോ പോയി മറയും.
HIGHLIGHTS
- കേരള ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിരയെ തിരഞ്ഞെടുത്തതിനെപ്പറ്റി വിവാദം പുകയുകയാണ്. പച്ചക്കുതിര ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസമാണത്രേ ഇതിന് പിന്നിൽ. ഇടതു സർക്കാർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂട്ടു നിൽക്കേണ്ടതുണ്ടോ എന്നാണ് എതിർക്കുന്നവരുടെ വാദം. ശരിക്കും ആരാണീ പച്ചക്കുതിര? എന്താണ് ഈ വിശ്വാസത്തിന് പിന്നിൽ?