കേന്ദ്രം തരും, കേരളം തയാറാണോ? 'വരുമോ അരമണിക്കൂർ ഇടവിട്ട് വന്ദേഭാരത്?'; 170% ഒക്യുപെൻസി, രാജ്യത്ത് എറ്റവും ഡിമാൻഡ്

Mail This Article
കൊച്ചിയിലേക്ക് കാറിൽ പോയിരുന്നവർ ഇപ്പോൾ വന്ദേഭാരതിലാക്കി യാത്ര. ‘‘അളിയാ, കാറിലല്ലേ?’’, എന്നു ചോദിച്ചിരുന്നവർ ഇപ്പോൾ ‘‘അളിയാ, വന്ദേഭാരതിലല്ലേ’’ എന്നു ചോദിച്ചു തുടങ്ങി. കൊച്ചിയിൽ പോയി കറങ്ങി വൈകിട്ടു തിരിച്ചു തലസ്ഥാനത്ത് വരുന്നവരുമുണ്ട്. കണ്ണൂരിലേക്കു വിമാനത്തിൽ പോയിരുന്നവരും വിമാനത്താവളത്തിൽനിന്നു കണ്ണൂർ നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ വന്ദേഭാരതിലേക്കു മാറിയിട്ടുണ്ട്. വിമാനത്തിൽ പോകാൻ ഒരു മണിക്കൂർ നേരത്തേ എത്തണമെങ്കിൽ വന്ദേഭാരതിൽ പോകാൻ അത്തരം പങ്കപ്പാടുകളില്ല. ഇടത്തരക്കാർ മുതൽ മുകളിലേക്കുള്ളവർ വന്ദേഭാരതിലേക്ക് മാറാൻ കാരണം അതു കൊടുക്കുന്ന പ്രീമിയം ഫീലാണെന്ന് ഐടി രംഗത്തു ജോലി ചെയ്യുന്നവർ പറയുന്നു. ‘‘വന്ദേഭാരതിലൊന്നും ആരും കയറില്ല. ആരാണ് ഇത്രയും പൈസ മുടക്കി ഇതിൽ പോവുക’’ എന്നു പറഞ്ഞിരുന്നവർ വന്ദേഭാരതിലെ 170 ശതമാനം ഒക്യുപെൻസി റിപ്പോർട്ടുകൾ വായിച്ച് അന്തം വിട്ടിരിക്കുകയാണ്.