എങ്ങനെ കിട്ടി ഇന്ത്യയുടെ ‘രഹസ്യം’ ട്രൂഡോയ്ക്ക്! കാനഡയ്ക്കൊപ്പംനിന്ന് ചതിച്ചത് ‘ഫൈവ് അയ്സ്’?

Mail This Article
2023 ജൂൺ 18. യുഎസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ വച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടു. ഒരു സിഖ് കൾചറൽ സെന്ററിനു പുറത്ത് വാഹനത്തിൽ തനിയെ ഇരിക്കുകയായിരുന്ന നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ആരിതു ചെയ്തു, എന്തിനു ചെയ്തു എന്ന ചോദ്യവും അതോടെ ശക്തമായി. കനേഡിയൻ പൗരനായിരുന്നു നിജ്ജാർ. സിഖുകാർക്ക് സ്വന്തം രാജ്യമെന്ന ഖലിസ്ഥാന്‍ വാദവുമായി വർഷങ്ങളായി കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന നിജ്ജാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘മോസ്റ്റ് വാണ്ടഡ് ക്രിമിനലു’കളിൽ ഒരാളായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെ നിരോധിച്ച ഇന്ത്യ നിജ്ജാറിനെ ഭീകരനായും മുദ്ര കുത്തിയിരുന്നു. സ്വാഭാവികമായും സംശയമുന ഇന്ത്യയ്ക്കു നേരെയും നീണ്ടു. ഇന്ത്യയുടെ രഹസ്യ ഏജന്റുമാരാണ് കൊലയ്ക്കു പിന്നിലെന്ന വിശ്വസനീയമായ ആരോപണം അന്വേഷിക്കുകയാണെന്ന് സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വ്യക്തമാക്കിയതോടെ പ്രശ്നം ആളിക്കത്തി. നിജ്ജാറിന്റെ കൊലയിൽ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ച് റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ കാനഡ പുറത്താക്കുകയും ചെയ്തു. കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ച് ഇന്ത്യയും തിരിച്ചടിച്ചു. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും താക്കീത് ചെയ്തും വിഷയം ജ്വലിപ്പിച്ചു നിർത്തി ഇന്ത്യയും കാനഡയും.