അസ്ഫാക്കിനെ തൂക്കിലേറ്റാൻ എംബിഎക്കാരനും? ശമ്പളം ആകെ 18 ലക്ഷം; ആരാകും ആരാച്ചാർ?

Mail This Article
‘ഒരാളെ തൂക്കിലേറ്റിയാൽ 2 ലക്ഷം രൂപ പ്രതിഫലമായി കിട്ടും. പൂജപ്പുര സെൻട്രൽ ജയിലിൽ വധശിക്ഷ കാത്തു കിടക്കുന്ന 9 പേർ ഇപ്പോൾ ഉണ്ടല്ലോ? മേൽക്കോടതികളിലെ അപ്പീലും ദയാഹർജിയും തള്ളിയാൽ, വധശിക്ഷ നടപ്പാക്കാൻ ജയിലിൽ ആരാച്ചാർ േവണ്ടേ?’’. ആ ചോദ്യം കേട്ട ജയിൽ ഉദ്യോഗസ്ഥൻ ഒന്നു നടുങ്ങി. കാലങ്ങളോളം കുറ്റവാളികൾക്കൊപ്പം ജീവിക്കുന്ന ഉദ്യോഗസ്ഥനായിട്ടു പോലും! ഫോണിലൂടെയാണ് ‘ആരാച്ചാർ ഉദ്യോഗാർഥി’ വിളിച്ചത്. ചോദ്യം കേട്ട് ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ നിശബ്ദനായി. ഫോണിന്റെ അങ്ങേയറ്റത്ത് അയാൾ തുടർന്നു. ‘‘ഒൻപതു പേരെ തൂക്കിലേറ്റിയാൽ 18 ലക്ഷം കിട്ടും. ജീവിക്കാൻ അതുമതി. വേറെ ജോലി ഇല്ല, പഠിച്ചിട്ടും ഒരിടത്തും എത്തിയില്ല. തൂക്കിലേറ്റുന്ന കാശുകൊണ്ട് ജീവിതം തള്ളിനീക്കാം.’’ കഴുമരത്തിൽ പിടയുന്ന ജീവന്റെ പ്രതിഫലക്കണക്കുകൾ നിരത്തുന്നതോടൊപ്പം സ്വന്തം ജീവിതം മുന്നോട്ടോടിക്കാൻ ഇഴയടുപ്പമുള്ള വാക്കുകളുടെ കുരുക്ക് മുറുക്കുകയായിരുന്നു അയാൾ. ഇപ്പോൾ ജയിലിൽ ആരാച്ചാരുടെ ആവശ്യം ഇല്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥൻ ഫോൺ കട്ടു ചെയ്തു.