വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാൻ എങ്ങോട്ടു ചായും എന്നതിലെ നാടകീയത അനുനിമിഷം വർധിക്കുന്നു. ബിജെപി പാട്ടും പാടി ജയിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നെങ്കിലും കാര്യങ്ങൾ ബിജെപിക്ക് അത്രമേൽ എളുപ്പമായിരിക്കില്ലെന്നാണ് വോട്ടെടുപ്പ് ദിവസത്തോട് അടുക്കുമ്പോൾ പുറത്തു വരുന്ന സൂചനകൾ. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. കാൽനൂറ്റാണ്ടായി ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി അധികാരത്തിൽ ഏറ്റുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം ഇത്തവണയും തെറ്റില്ല എന്നതായിരുന്നു അടുത്ത നാളുകൾ വരെ കരുതപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയോട് എതിർപ്പ് അത്രമേൽ ഇല്ലായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരവും പ്രബലമായിരുന്നു, പ്രത്യേകിച്ചും പ്രാദേശിക തലത്തിൽ എംഎൽഎമാരോട്. പോരാത്തതിനു കോൺഗ്രസിലെ തമ്മിലടിയും. സീറ്റുവിതരണത്തിലെ പോരായ്മകളും കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നു കരുതപ്പെട്ടിരുന്നു. പ്രത്യേകിച്ചു മത്സരരംഗത്തേക്ക് ഇല്ലെന്നു പറഞ്ഞ പല മുതിർന്ന എംഎൽഎമാരെയും വീണ്ടും രംഗത്തിറക്കിയതോടെ. എന്നാൽ ഇവരൊക്കെയും മക്കൾക്കുവേണ്ടിയാണ് സീറ്റൊഴിയാൻ തയാറായത് എന്ന പിന്നാമ്പുറക്കഥ വേറെയുമുണ്ട്. മക്കൾക്കു പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ അവർ വിജയിക്കില്ലെന്ന് ഉറപ്പാക്കാനും ഇവർ ‘പണിയെടുത്തേക്കു’മെന്ന സഹചര്യത്തിൽ മക്കൾ രാഷ്ട്രീയം എന്ന പഴി കേൾക്കുന്നതിലും നല്ലത് പഴയ താപ്പാനകളെ രംഗത്തിറക്കുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചതിലും കുറ്റം പറയാനില്ല. പക്ഷേ ഇതൊക്കെ കോൺഗ്രസിന്റെ സാധ്യതകളിൽ നിഴൽ വീഴ്ത്തിയിരുന്നു. ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്താണ് രാജസ്ഥാനിൽ സംഭവിക്കുന്നത്?

loading
English Summary:

In the Final Hours Before Vote: A Tough Fight Between Congress and BJP in Rajasthan