വാച്ച് വച്ച് റിഷഭ് പന്തിനെ പറ്റിച്ചത് കോടികൾ; താജിൽ താമസിച്ച് കടം പറഞ്ഞത് 5 ലക്ഷം; ഒടുവിൽ ‘ഐപിഎൽ താരം’ അറസ്റ്റിൽ!
Mail This Article
കാർ, വാച്ച്, ക്രിക്കറ്റ്... 42,000 ഫോളോവർമാരുള്ള വെരിഫൈഡ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ കണ്ടാൽ മൃണാങ്ക് സിങ് ഒരു സെലിബ്രിറ്റിതന്നെ. പക്ഷേ, ആൾമാറാട്ടത്തിന്റെ കാര്യത്തിൽ ഒടിയനെ വെല്ലുന്ന അതിശയ നമ്പറുകളാണ് ഇയാളുടെ സ്പെഷൽ. ഹരിയാന അണ്ടർ 19 ക്രിക്കറ്റ് താരമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 2021ൽ രഞ്ജി ട്രോഫിയിലും കളിച്ചതായി പറയും. 2014 മുതൽ 2018 വരെ മുംബൈ ഇന്ത്യൻസുമായി കരാറുണ്ടായിരുന്നുവെന്നാണ് മറ്റൊരവകാശവാദം. അച്ഛൻ ഹരിയാന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു എന്നും തട്ടിവിടും. പക്ഷേ, സത്യാവസ്ഥ തിരഞ്ഞപ്പോൾ ഈ പറഞ്ഞതെല്ലാം വെറും നുണകളാണെന്നു ഡൽഹി പൊലീസ് കണ്ടെത്തി. പഞ്ച നക്ഷത്ര ഹോട്ടലുകളിലേ താമസിക്കൂ. അതും ചിലപ്പോൾ ഐപിഎൽ ക്രിക്കറ്റ് താരമായി, അല്ലെങ്കിൽ കർണാടക എഡിജിപിയായി, അതുമല്ലെങ്കിൽ അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡറായി. റൂം ഒഴിയുന്ന സമയത്ത് ഹോട്ടൽ ബില്ലുകൾ അഡിഡാസ് അടയ്ക്കും എന്നു പറയുന്നതാണ് മറ്റൊരു നമ്പർ. അങ്ങനെ വേഷം മാറിയുള്ള പലവിധ വിലസലുകൾക്കൊടുവിൽ ബുധനാഴ്ച ഹോങ്കോങ്ങിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ മൃണാങ്ക് സിങ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചു പൊലീസിന്റെ പിടിയിലായി. 25 വയസ്സ് ആയിട്ടേയുള്ളൂ മൃണാങ്കിന്. പക്ഷേ നടത്തിയ തട്ടിപ്പുകളെക്കുറിച്ചു കേട്ടാൽ ആരും മൂക്കത്തു വിരൽ വച്ചു പോകും.