കലാപത്തിൽ വെന്തു മരിച്ച അമ്മയുടെ മകൻ: ‘ഡമ്മി’യല്ല, ഇന്ന് മോദിയേയും വിറപ്പിക്കുന്ന തന്ത്രജ്ഞൻ; ഖർഗെ പറയുന്നു: ‘ഞങ്ങൾ ഇടപെടും’
Mail This Article
കലാപകാരികൾ തീയിട്ട വീട്ടിനുള്ളിൽ വെന്തുമരിച്ച, അമ്മയുടെ കുട്ടി. അതായിരുന്നു ആറാം വയസ്സിൽ മല്ലികാർജുൻ ഖർഗെയുടെ മേൽവിലാസം. അവിടെനിന്നാണ് രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ആളായി ഖർഗെ മാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊടുവിൽ ഇന്ത്യാ സഖ്യത്തിന്റെ യോഗം കഴിഞ്ഞു നടന്ന വാർത്താസമ്മേളനത്തിൽ ഖർഗെയുടെ വാക്കുകൾ ഇങ്ങനെ: ‘‘ബിജെപി ഭരണം വേണ്ടെന്നു ജനം തീരുമാനമെടുത്താൽ അത് നടപ്പാക്കാനുള്ള നടപടികൾ ഉചിതമായ സമയത്തെടുക്കും’’. രാഹുലിനു പകരം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തിയപ്പോൾ, മൻമോഹൻ സിങ്ങിനെപ്പോലെ പാർട്ടിയുടെ ‘ഡമ്മി’ എന്നായിരുന്നു ഖർഗെയെ ബിജെപി കളിയാക്കിയതെന്നോർക്കണം. എന്നാൽ ‘ആവശ്യം വന്നാൽ ഭരണത്തിൽനിന്നു വരെ നിങ്ങളെ പുറത്താക്കാൻ ഞങ്ങൾക്കറിയാം’ എന്ന പഞ്ച് ഡയലോഗുമായി ബിജെപിയെ വിറപ്പിച്ച് കളം നിറയുകയാണ് ഖർഗെ. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് ഖർഗെ തിരഞ്ഞെടുക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ ഖർഗെയുടെ കർണാടകയിൽ 21 ദിവസത്തെ യാത്ര കഴിഞ്ഞ് രാഹുൽ ആന്ധ്രയിൽ യാത്ര ആരംഭിച്ചതിന്റെ രണ്ടാം നാൾ. 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാനമായ ആ യാത്രയ്ക്കിടെ തന്നെ ഖർഗെ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നത് യാദൃശ്ചികമാവില്ല.