ബംഗ്ലദേശിലെ നിലവിലെ സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് പ്രധാന ചോദ്യങ്ങളുണ്ട്. അതിലൊന്ന് ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് ആ രാജ്യത്തെ പുതിയ ഭരണസംവിധാനത്തെ ചുറ്റിപ്പറ്റിയുള്ളതും. രണ്ടിനും ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമന്ത്രി മോദിക്കും നിർണായകമാണ്.
അയൽരാജ്യമായ ബംഗ്ലദേശിന്റെ ‘ആഭ്യന്തര കാര്യ’മെന്നു പറഞ്ഞ് പലപ്പോഴും അവിടുത്തെ പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണോ?
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെപ്പോലും ബാധിക്കുംവിധം ബംഗ്ലദേശിലെ പ്രശ്നം പുകയുമ്പോൾ, എന്താണ് ഇതിനൊരു പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.
2024 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന (Photo by REUTERS)
Mail This Article
×
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
English Summary:
Sheikh Hasina's Resignation: What are the Diplomatic Challenges that India Faced with Bangladesh