കടലിലൊഴുകുന്നു കത്തുന്ന കൂറ്റൻ ‘എണ്ണബോംബ്’; ടാങ്കറിൽ 10 ലക്ഷം ബാരൽ ഇന്ധനം; ദുരന്തമാകുമോ ‘ഹൂതി യുദ്ധം’? ആശങ്കയെന്ന് യുഎസും
Mail This Article
ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്. ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.