ലൈംഗിക പീഡനത്തിന് ഇരയായത് മന്ത്രി: സഹോദരിയുടെ തലയിൽ തുളച്ചു കയറിയത് 3 വെടിയുണ്ട; തീരാതെ ആ മരണ ദുരൂഹത
Mail This Article
രാഷ്ട്രീയത്തിലെ ലൈംഗികാക്രമണ പരാതികൾ കേരളത്തിന് പുത്തരിയല്ല. മന്ത്രിമാരുടെ വരെ കസേര തെറിപ്പിച്ച സ്ത്രീപീഡന വിവാദങ്ങളുണ്ടായിട്ടുണ്ട് കേരളത്തിൽ. എന്നാലിപ്പോള്‍ രാഷ്ട്രീയത്തിലെ പുതിയ ലൈംഗിക പീഡന വിവാദം വന്നിരിക്കുന്നത് ബ്രസീലിൽനിന്നാണ്. അതും കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിലുള്ള ആരോപണങ്ങൾ. അവിടെ ഒരു വനിതാ മന്ത്രിയെ ഉൾപ്പെടെയാണ് മന്ത്രിസഭയിലെ ഒരംഗം പീഡനത്തിനിരയാക്കിയത്.സംഭവത്തെക്കുറിച്ചുള്ള പരാതി പുറത്തുവന്നതിനു പിന്നാലെ ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയെ പുറത്താക്കി. ഒട്ടേറെ വനിതകളാണ് അൽമെയ്ഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത്. തുടർന്ന് പ്രസിഡന്റ് ലുല ഡസിൽവ അൽമെയ്ഡയെ പുറത്താക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ ഒരാൾ മന്ത്രി അനിയേൽ ഫ്രാങ്കോ ആണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്ന ‘മി ടൂ ബ്രസീൽ’ എന്ന സംഘടനയ്ക്കാണ് അനിയേൽ പരാതി നല്‍കിയത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങളും നടന്നു. തനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അനിയേൽ ഫ്രാങ്കോ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പോസ്റ്റ് ചെയ്തു. 2023 ജനുവരി 1 മുതൽ ലുല ഡസിൽവയുടെ രണ്ടാം കാബിനറ്റിൽ വംശസമത്വ മന്ത്രിയാണ് അനിയേൽ ഫ്രാങ്കോ. പീഡന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.