തലയ്ക്ക് മുകളിലേക്കിട്ടത് 1 ടൺ ബോംബ്; ഭൂമി പിളർന്നു, തീഗോളം; യുഎസ് പറഞ്ഞു, ഇസ്രയേലിന് ഈ ആയുധം തരില്ല
Mail This Article
സെപ്റ്റംബർ 10ന് ചൊവ്വാഴ്ച പുലർച്ചെ, ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾക്ക് മുകളിലേക്കാണ് ആ ‘കില്ലർ ബോംബ്’ വീണത്. സ്ഫോടനത്തിൽ വാനോളം തീഗോളമുയർന്നു, പ്രദേശം ഒന്നടങ്കം തകർന്നുതരിപ്പണമായി, ഭൂമി പിളർന്നു, സംഭവിച്ചത് ഭൂകമ്പത്തേക്കാൾ ഭീകര പ്രകമ്പനം, ജനം ഞെട്ടിവിറച്ചു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കും മുൻപേ അവർക്കു മുകളിലേക്ക് മണ്ണുമല വന്നുവീണു. തെക്കൻ ഗാസയിൽ ഖാൻ യൂനിസിനു സമീപമുള്ള അൽ മവാസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണമായിരുന്നു അത്. ബോംബാക്രമണത്തിന്റെ ആഘാതത്തിൽ ഭൂമി പിളർന്ന് വൻഗർത്തം രൂപമെടുക്കുകയായിരുന്നു. ഒൻപത് മീറ്റർ (30 അടി) വരെ ആഴത്തിലുള്ള ഗർത്തങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നൂറുകണക്കിനു പേർ മണ്ണിനടിയിലായി. പരിസരത്തെ ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾ കത്തിനശിച്ചു. ആ ദിവസം അഞ്ചോ ആറോ വട്ടം ബോംബാക്രണമോ മിസൈൽ ആക്രമണമോ ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎസ് നിർമിത എംകെ. 84 (മാർക്ക്. 84) ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങൾ കണ്ടെത്തി. ആയിരത്തോളം കിലോഗ്രാം ഭാരമുള്ള ആയുധം. ആക്രമണത്തിൽ ഇരയായവരുടെ മൃതദേഹങ്ങൾ കനത്ത ചൂടിൽ ദഹിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എംകെ 84 ബോംബുകളാണ് മിക്ക ആക്രമണങ്ങൾക്കും ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നത്. എന്താണ് എംകെ 84 ബോംബിന്റെ ചരിത്രം? ഏതൊക്കെ രാജ്യങ്ങളാണ് ഈ ബോംബ് ഉപയോഗിക്കുന്നത്? എത്രത്തോളം പ്രഹരശേഷിയുള്ളതാണ് ഇവ? പരിശോധിക്കാം.