കൈപ്പത്തി വരെ വേർപെട്ടു: പുതിയ യുദ്ധത്തിന്റെ തുടക്കമെന്ന് ഇസ്രയേൽ: ഹിസ്ബുല്ലയും ഒരുങ്ങുന്നു? പേജറിന്റെ നിർണായക വിവരം അപ്രത്യക്ഷം!
Mail This Article
സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച വൈകിട്ട് 3.30, ലബനനിന്റെ നിരവധി പ്രദേശങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടക്കുന്നു. മിഡിൽഈസ്റ്റ് ഒന്നടങ്കം ഞെട്ടി, ഒപ്പം വലിയ ആശങ്കയും. ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല മാസങ്ങൾക്ക് മുൻപ് വാങ്ങിയ പേജറുകൾ ഒന്നിച്ച് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം സാങ്കേതിക ലോകത്തുണ്ടാക്കിയ ആശങ്ക ചില്ലറയല്ല. സാങ്കേതികമായി അത്ര മികച്ച ഫീച്ചറുകളില്ലാത്ത, കേവലം ഒരു പേജർ പൊട്ടിത്തെറിക്കുന്നു, അതും ഒന്നിച്ച്. ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും പിന്നിൽ ഇസ്രയേലിന്റെ കൈകളായിരിക്കുമെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നു. ഇനി ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് മാത്രമാണ് വിവരങ്ങൾ ലഭിക്കാനുള്ളത്. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വതന്ത്രാന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനനിൽ പലയിടത്തും വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു സോളർ ഉപകരണം പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരുക്കേറ്റ വാർത്തയും ലബനനെ ഞെട്ടിച്ചു. എപ്പോൾ എവിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലബനീസ് ജനത. രണ്ടു സംഭവങ്ങളിലുമായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്.