ജയശങ്കർ പാക്കിസ്ഥാനിൽ; ‘ശത്രുരാജ്യത്തേക്ക്’ എന്തിന് മോദി അയച്ചു! ആവർത്തിക്കുമോ സുഷമ നൽകിയ ‘സർപ്രൈസ്’

Mail This Article
സ്വന്തം നഗരത്തിന്റെ പേരിട്ട കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ചൈന, സമ്മേളനം നടക്കുന്നതോ പാക്കിസ്ഥാനിലും. എന്നിട്ടും ഇന്ത്യ പങ്കെടുക്കുന്നു. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) യോഗത്തിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. 2015ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാക്കിസ്ഥാൻ യാത്ര. 2015ൽ സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാക്കിസ്ഥാനിൽ എത്തിയത്. അന്നത്തെ സുഷമയുടെ യാത്ര ഇന്ത്യ–പാക്ക് ബന്ധത്തിൽ വലിയ മാറ്റത്തിനാണ് വഴിമരുന്നിട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു റഷ്യ–അഫ്ഗാൻ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അപ്രതീക്ഷിതമായി ലഹോറിൽ ലാന്റ് ചെയ്തത്. ഉച്ചകോടിക്കായി ഇനി പാക്കിസ്ഥാനിലേക്ക് പോകേണ്ട എന്ന 2016ലെ ഇന്ത്യയുടെ തീരുമാനം കാരണമാണ് ഇന്ത്യയും അയൽരാജ്യങ്ങളും ചേർന്നുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപറേഷന്റെ (സാർക്ക്) ഉച്ചകോടി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. അവിടെയാണ് ചൈനയുടെ പൂർണ നിയന്ത്രണത്തിലായ എസ്‌സിഒ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ പ്രതിനിധി ഇപ്പോൾ പോകുന്നത്. നിലവിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷിബന്ധങ്ങളിൽ യാതൊരു താൽപര്യവും കാട്ടാത്ത നരേന്ദ്ര മോദി സർക്കാർ എന്തിനാവും വിദേശകാര്യ മന്ത്രിയെ അങ്ങോട്ട് അയയ്ക്കുന്നത്. എസ്‌സിഒ ഇന്ത്യയ്ക്ക് ഇത്ര വിലപ്പെട്ടതാണോ? എങ്കിൽ എന്താണ് എസ്‌സിഒ? ഈ കൂട്ടായ്മയിൽ എങ്ങനെയാണ് ഇന്ത്യ എത്തപ്പെട്ടത്? എസ്‌സിഒയിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.