തോറ്റാൽ ‘മോദിക്കു ശേഷം യോഗി’ ഇല്ല; യുപിയിലും ‘അന്തിമ’ ഫോർമുലയ്ക്ക് ബിജെപി? കേജ്രിവാൾ പ്രവചിച്ചത് സത്യമാകുന്നു?
Mail This Article
‘.... ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയിട്ടുള്ള സ്റ്റിക്കറുകൾ വീടുകളുടെ മുൻവശത്ത് കണ്ടിട്ടില്ലേ. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയപ്പോൾ, കേന്ദ്ര സർക്കാരിന്റെ പൂമുഖത്ത് ഈ സര്‍ക്കാരിന്റെ ഐശ്വര്യം ‘യുപി ബിജെപി’ എന്നെഴുതിവച്ചെങ്കിൽ കാണുന്നവരെല്ലാം അത് തലകുലുക്കി സമ്മതിച്ചേനെ. അഞ്ചുവര്‍ഷത്തെ വെയിലും മഴയും മഞ്ഞുമേറ്റ് തിളക്കം കുറച്ച് മങ്ങിയെങ്കിലും 2019ലും മോദി സർക്കാരിന്റെ ഐശ്വര്യം ഏറക്കുറെ ‘യുപി ബിജെപി’യായിരുന്നു. രാജ്യത്ത് അലയടിച്ച കർഷക രോഷം തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും അന്നും ഉത്തർപ്രദേശിലെ ബിജെപി തങ്ങളുടെ റോൾ ഗംഭീരമാക്കി. അങ്ങനെയൊക്കെ മുന്നോട്ടു പോകവേ, 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രം തുറന്ന പകിട്ടിൽ 2024ലും യുപി ബിജെപി തൂത്തുവാരുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ ഫലം വന്നപ്പോൾ യുപി വലിയ നിരാശയാണ് ബിജെപിക്ക് സമ്മാനിച്ചത്. ഇന്ത്യാമുന്നണി സര്‍വ ശക്തിയുമെടുത്ത് പോരാടിയത് യുപിയിലെ ഫലത്തെ കാര്യമായി സ്വാധീനിച്ചു. എന്നാൽ ഇതുമാത്രമാണോ വലിയ തിരിച്ചടിക്ക് കാരണമായതെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിശോധന പിന്നാലെ പുറത്തുവന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടേറെ കണ്ടെത്തലുകളായിരുന്നു ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ മോദിക്കു ശേഷം യോഗി എന്ന പ്രാസമൊപ്പിച്ച മുദ്രാവാക്യം എവിടെയോ മറഞ്ഞു. മാത്രവുമല്ല, ഇന്നലെ വരെ യോഗിക്കുമുന്നിൽ മൗനം ഭജിച്ചവർ ഒന്നും രണ്ടുമായി മനസ്സിലുള്ളത് പരസ്യമാക്കിത്തുടങ്ങി. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറയൊരുക്കിയ യുപിയിൽ പാർട്ടി ക്ഷയിക്കുന്നു എന്ന തോന്നലും അതോടെ ശക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വിഴുപ്പലക്കല്‍ ഇനിയും തീർന്നിട്ടില്ല. അതിനിടെയാണ്, ഉത്തർപ്രദേശിൽ 9 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിലേക്കും ഉത്തർപ്രദേശിൽ ബിജെപി കടന്നിരിക്കുന്നു. ഇതിൽ ഉപതിരഞ്ഞെടുപ്പിന്റെ ഭാരം മുഴുവൻ യോഗിയുടെ ചുമലിൽ വച്ചിരിക്കുകയാണ് ബിജെപി ദേശീയനേതൃത്വം. യോഗിക്കു മുന്നിലെ ലിറ്റ്‌മസ് ടെസ്റ്റ് കൂടിയാവുകയാണ് തിരഞ്ഞെടുപ്പെന്നു ചുരുക്കം. 9 സീറ്റുകളിലെ ജനവിധിയിലാണോ യോഗിയുടെ ഭാവി? ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുപി സർക്കാരിലും പാർട്ടിയിലും അഴിച്ചുപണിയുണ്ടാകുമോ? നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിമാരെ മാറ്റുന്ന ‘ട്രെൻഡ്’ യുപിയിലും ബിജെപി പയറ്റുമോ? യഥാർഥത്തിൽ യോഗിക്കു നേരെ പരസ്യ വിമർശനം നടത്തുന്ന നേതാക്കൾക്കു പിന്നിൽ മറ്റ് ശാക്തിക ചേരികൾ രൂപപ്പെട്ടിട്ടുണ്ടോ? മറഞ്ഞിരുന്നാണോ അവരുടെ ആക്രമണം? പരിശോധിക്കാം യുപിയിലെ രാഷ്ട്രീയ സ്ഥിതി വിശദമായിത്തന്നെ...