അവസരം കിട്ടിയിട്ടും ഇന്ദിരയ്ക്കും സഞ്ജയ്ക്കും എതിരെ ‘പക’ വീട്ടാത്ത ‘സീനിയർ ഖന്ന’; ആ വീട്ടിൽനിന്ന് ഇനി ‘ചീഫ് ജസ്റ്റിസ് ഖന്ന’
Mail This Article
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.